കൊല്ലം: മാലിന്യത്തില്‍ നരക ജീവിതം നയിച്ചിരുന്നവർക്ക് മൂന്നര സെന്‍റില്‍ വീട് ലഭിച്ചപ്പോൾ ആശ്വാസത്തിന്‍റെ ജീവിതകാലമാണ് പ്രതീക്ഷയിലുണ്ടായിരുന്നത്. കൊല്ലം നഗരത്തിലെ അലക്കുകുഴി നിവാസികൾ പുതിയ ജീവിതം സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കൊവിഡ് മഹാമാരിയായി എത്തിയതോടെ വീണ്ടും പഴയ ദുരിത കാലം. പതിറ്റാണ്ടുകളായി ചെയ്‌തുവന്ന തൊഴില്‍ നഷ്ടമാകുന്ന സാഹചര്യത്തിലും അലക്കുകുഴി നിവാസികൾ അടച്ചുറപ്പുള്ള പുതിയ വീട്ടിലേക്ക് താമസം മാറി.
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം മഴയിലും വെയിലിലും തകര ഷീറ്റ് കൊണ്ടും ടാർപോളിൻ കൊണ്ടും മേൽക്കൂരയും വാതിലും മറച്ചു ജീവിച്ച കുടുംബങ്ങളെയാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം കോർപ്പറേഷൻ പുതിയ വീട് നിർമിച്ചു നൽകിയത്. പക്ഷേ താമസം മാറിയതോടെ അലക്കു തൊഴില്‍ നഷ്ടമായി. അതിനിടെ കൊവിഡും ലോക്ക് ഡൗണും എത്തിയതോടെ അലക്കുകുഴിക്കാരെ കാത്തിരുന്നത് വറുതിയുടെ കാലമായിരുന്നു.
60 വർഷമായി അലക്കു ജോലി ചെയ്യുന്ന ശ്രീനിവാസന് പ്രായം തൊണ്ണൂറ് പിന്നിട്ടു. ഭാര്യക്കും മകനും മരുമകൾക്കും ഒപ്പമാണ് താമസം. കിലോമീറ്റർ യാത്ര ചെയ്ത് തുണികൾ എടുത്തു വരികയാണ്. കൊവിഡില്‍ മകന്‍റെ ജോലി നഷ്ടപ്പെട്ടതോടെ പ്രായം തളർത്തിയ പത്മയ്‌ക്ക് മരുന്നിനും ഭക്ഷണത്തിനും വകയില്ലാതായി. വല്ലപ്പോഴും അലക്കാൻ ലഭിക്കുന്ന തുണികൾ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയിലും അലക്കി വിരിച്ച് സങ്കടങ്ങളുടെ കെട്ടഴിക്കുകയാണ് അലക്കുകുഴിക്കാർ. കാലത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ പവർ ലോൺട്രി കൂടി എത്തിയതോടെ അലക്കാൻ കൊടുക്കുന്നവരുടെ എണ്ണം കുറഞ്ഞതും ഇവർക്ക് തിരിച്ചടിയായി.