കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലുകളും ജാഗ്രത നടപടികളും ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും വിവിധ ചെക്ക് പോസ്റ്റുകളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കി. കൊല്ലം ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവില്‍ പൊലീസ് പരിശോധന ശക്തമാക്കി. പൊലീസിനൊപ്പം ആരോഗ്യവകുപ്പും പരിശോധനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നും വരുന്ന ബസുകള്‍ അടക്കമുള്ള യാത്ര വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ രോഗ ലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ കണ്ടെത്തും. ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ഇത്തരക്കാരെ നിരീക്ഷണത്തിനായി മാറ്റുകയും ചെയ്യും. ഒപ്പം ബോധവല്‍കരണം, മുന്‍കരുതല്‍ നടപടികളെ കുറിച്ചുള്ള ചെറുവിവരണം എന്നിവയും നല്‍കും. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ 24 മണിക്കൂര്‍ പരിശോധനയുണ്ടാകും. തെന്മലയിലെ മൃഗസംരക്ഷണ ചെക്ക് പോസ്റ്റിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും പാലും മറ്റും എത്തിക്കുന്ന വാഹനങ്ങളില്‍ അണുനാശിനി ലായിനിയും തളിക്കുന്നുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ ചെക്ക് പോസ്റ്റുകള്‍ക്ക് പുറമേ ബസ്സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കും. പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പുറമേ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡും ഇതിനായി പ്രവര്‍ത്തിക്കും.
പുനലൂര്‍ ഡിവൈഎസ്‌പി അനില്‍ ദാസ്, തെന്മല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണികുട്ടന്‍ ഉണ്ണി, സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.