കൊല്ലം: ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിൽ പിഴവ് സംഭവിച്ചതായി പരാതി. തുടയിൽ എടുക്കേണ്ട കുത്തിവെയ്പ്പ് കാൽമുട്ടിൽ എടുത്തതോടെ കൊല്ലം മുഖത്തല സ്വദേശിയായ ഒന്നര വയസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ. തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് ഗുരുതര ചികിത്സ പിഴവ് ഉയർന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റബർ ഒന്നാം തീയതിയാണ് ഒന്നര വയസിൻ്റെ പ്രതിരോധ കുത്തിവെയ്‌പായ ഡിപിടി ഒന്നാം ബൂസ്റ്റർ എടുക്കാൻ മാതാപിതാക്കൾ മുഹമ്മദ് ഹംദാനെ തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. തുടയിൽ എടുക്കേണ്ട കുത്തിവയ്‌പ് നഴ്‌സ് സ്ഥാനം തെറ്റിച്ച് കാൽമുട്ടിലെടുത്തു. അതിന് ശേഷം കുട്ടി നിർത്താതെ കരയുകയും വേദന കൊണ്ടുള്ള അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌തു. നിലവിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
അധികൃതരുടെ ചികിത്സപിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഡിഎംഒ എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ ഡി.എം.ഒ യുടെ നിർദേശപ്രകാരം മദർ ആന്‍റ് ചൈൽഡ് ഓഫീസർ ഉൾപ്പെട്ട സംഘം കുട്ടിയുടെ വീട്ടിലും ആരോഗ്യ കേന്ദ്രത്തിലുമെത്തി വിവരങ്ങൾ തേടി.
കുത്തിവെപ്പ് എടുത്ത നഴ്‌സിന് വീഴ്‌ച സംഭവിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാൽ വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് എന്ന വിചിത്ര വാദമാണ് ആശുപത്രി അധികൃതർ ഉയർത്തുന്നത്.
ALSO READ: ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; കർശന നടപടി വേണമെന്ന് ഹൈക്കോടതി