കൊല്ലം: ലൈഫ് പദ്ധതി വഴി പുതുജീവിതം സ്വന്തമാക്കിയവരുടെ സംഗമ വേദിയായി സി.കേശവന്‍ സ്മാരക ടൗണ്‍ ഹാള്‍. 14,643 പേര്‍ക്ക് രണ്ടുഘട്ടങ്ങളിലായി വീടെന്ന തണലൊരുക്കാനായ ചാരിതാർഥ്യമാണുള്ളതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലാതല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും പാര്‍പ്പിടമെന്ന ലക്ഷ്യത്തിലേക്കാണ് ലൈഫ് പദ്ധതി മുന്നേറുന്നതെന്ന് മന്ത്രി പറഞ്ഞു. പറഞ്ഞ വാക്ക് പാലിച്ച് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. വീട് സ്വന്തമായവരും മറ്റുള്ളവരും ഇനി ശുചിത്വപാലനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സാക്ഷരതാ പ്രസ്ഥാനം പോലെ ശുചീകരണം ഒരു പ്രസ്ഥാനമായി മാറണമെന്നും മന്ത്രി പറഞ്ഞു.
നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മാലിന്യം തള്ളുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മാര്‍ച്ചിനുള്ളില്‍ എല്ലാ വീടുകളിലും മാലിന്യം സംസ്‌കരിക്കുന്നതിനുള്ള കമ്പോസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുടെ രണ്ടുഘട്ടങ്ങള്‍ പിന്നിട്ട് മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. ഭൂമിയും വീടുമില്ലാത്ത 15,713 പേരെ ഇതിനകം ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആദ്യ രണ്ട് ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി പാര്‍പ്പിട സമുച്ചയങ്ങളാണ് തീര്‍ക്കുക. പ്രാഥമിക നടപടി എന്ന നിലയ്ക്ക് 95 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ലൈഫ് പദ്ധതി നിര്‍വഹണം മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വനം വകുപ്പ് മന്ത്രി കെ. രാജു ആദരിച്ചു. ഗുണഭോക്താക്കളുടെ സുസ്ഥിര ജീവിത വികസനമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലയോര ഹൈവേ പോലെ വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം പാവപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു നല്‍കുകയാണ്. ഇനി പട്ടയം കിട്ടാനുള്ളവര്‍ക്ക് എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.