കൊല്ലം : ക്രിസ്‌മസ് അടുത്തതോടെ കേക്ക് വിപണി ഉണര്‍ന്നു. രുചിയിലും കാഴ്‌ചയിലും വൈവിധ്യമാര്‍ന്ന കേക്കുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. പ്ലം കേക്കിന് കിലോക്ക് 200 മുതല്‍ 500 രൂപ വരെ വിലവരും. ക്രീമുകളുടെ പ്രത്യേകത അനുസരിച്ചാണ് ക്രീം കേക്കിന്‍റെ വില. ബീറ്റ്‌റൂട്ട് കേക്ക്, ഡാര്‍ക്ക് ഫാന്‍റസി, ചെറി തുടങ്ങി ജനകീയ കേക്കുകള്‍ക്കാണ് ഏറെ പ്രിയമെന്ന് ബേക്കറി ഉടമകള്‍ പറയുന്നു.
വിപണിയിലെ താരമായ പ്ലം കേക്കിലും നിരവധി വൈവിധ്യങ്ങളുണ്ട്. ഐറിഷ് പ്ലം കേക്ക്, നട്‌സ് കേക്ക്, സ്പെഷല്‍ പ്ലം കേക്ക്, കാജു പ്ലം കേക്ക് എന്നിവയാണ് സ്പെഷല്‍ പ്ലം കേക്കുകൾ. പരമ്പരാഗത രീതിയിലുള്ള ബോർമകളിൽ നിർമിച്ച കേക്കിനും വൻ ഡിമാൻഡാണ്.
Also read: ക്രിസ്‌മസ് അലങ്കാരത്തിന് റീത്തുകള്‍ തയ്യാര്‍; മനോഹരമായ ക്രിസ്‌മസ് റീത്തുകള്‍ ഒരുക്കി കോട്ടയം സ്വദേശി
കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയതോടെ കേക്ക് വിൽപനയിലും വർധനവുണ്ട്. പുതുവത്സരാഘോഷം വരെ കേക്ക് വിപണി സജീവമായി തുടരുമെന്നും ബേക്കറി ഉടമകള്‍ പറയുന്നു. ബ്രാൻഡഡ് കമ്പനികൾ തകർപ്പൻ പരസ്യം നൽകി കേക്ക് വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ ഗ്രാമീണ വിപണി മുന്നിൽക്കണ്ട് വിവിധ ചെറുകിട യൂണിറ്റുകളും കേക്ക് നിർമാണവും വിപണനവും ആരംഭിച്ചുകഴിഞ്ഞു.