കൊല്ലം: കൊട്ടാരക്കര നെടുമണ്‍കാവ് ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറു വയസുകാരിയെ കാണാതായ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഇളവൂരിലെ പ്രദീപ്- ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ നിന്ന് വ്യാഴാഴ്‌ച രാവിലെയാണ് കാണാതായത്. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. പൊലീസിന് പുറമേ സൈബർ വിദഗ്‌ധരും ശാസ്ത്ര വിദഗ്‌ധരും അന്വേഷണ സംഘത്തിലുണ്ടാകും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും സന്ദേശം കൈമാറിയിട്ടുണ്ട്. വാഹന പരിശോധനയും കർശനമാക്കി. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും തെരച്ചിൽ ഊര്‍ജിതമാക്കി.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിജിപി, ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയോട് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പലയിടത്തും കുട്ടികളെ കാണാനില്ലെന്ന വാർത്ത പുറത്തുവരുന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.