കൊല്ലം: റൂറൽ ജില്ലാ പൊലീസ് പരിധിയിലുള്ള അതിഥി തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ പരിശോധന കർശനമാക്കി. ഇവര്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കർ നിർദേശം നൽകി. സോഫ്റ്റ് വെയറിന്‍റെ സഹായത്താൽ ജില്ലയിലുള്ള അതിഥി തൊഴിലാളികളുടെ മുഴുവൻ വിവരവും ശേഖരിച്ചിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലെയും ലേബർ ഓഫീസർമാരുടെ നേതൃത്വത്തിലാണ് ദിവസേന പരിശോധനകൾ പുരോഗമിക്കുന്നത്. പുതിയതായി വന്നിട്ടുള്ള ആളുകളുടെ വിവരവും ഭക്ഷണകാര്യവും ഇതിലൂടെ അറിയാൻ സാധിക്കുമെന്നും റൂറൽ പൊലീസ് മേധാവി അറിയിച്ചു.
റൂറൽ ജില്ലയിലെ ആയൂർ, പുത്തൂർ മുക്ക് എന്നിവിടങ്ങളിലായി നിരവധി അതിഥി തൊഴിലാളികളാണ് ക്യാമ്പിൽ കഴിയുന്നത്. ഇവർക്കെല്ലാം ആഹാരം പാകം ചെയ്‌തുകഴിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ അതിഥി തൊഴിലാളികളെയും രജിസ്റ്റർ ചെയ്യുന്നതിനും കൃത്യമായ വിവരങ്ങൾ സൂക്ഷിക്കുന്നതിനുമായി മൊബൈൽ ആപ്ലിക്കേഷന്‍ സജ്ജമാക്കിയതായും അദ്ദേഹം അറിയിച്ചു.