കൊല്ലം: സോളാർ കമ്പനി തുടങ്ങാൻ ബാലരാമപുരത്ത് ഭൂമി വാങ്ങി എന്ന മുൻ ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ. തനിക്ക് അവിടെ ഭൂമി ഇല്ലെന്നും കെ.ബി.ഗണേഷ് കുമാറിന് ആ ഭൂമിയെ കുറിച്ച് അറിയാൻ കഴിയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സോളാർ കേസിൽ ചാണ്ടി ഉമ്മനും കെ.ബി.ഗണേഷ് കുമാർ എം.എൽ.എ.യ്ക്കും ബാലരാമപുരത്ത് ഏക്കറ് കണക്കിന് ഭൂമിയുണ്ടെന്ന് കേസിൽ പ്രതിയായ ബിജു രാധാകൃഷ്ണൻ പറഞ്ഞതായി ജയിലിൽ കഴിഞ്ഞിരുന്ന ഡി.വൈ.എഫ്.ഐ.നേതാവ് വെളിപ്പെടുത്തിയിരുന്നു. എട്ട് വർഷമായി ബാലരാമപുരത്ത് അങ്ങനെയൊരു ഭൂമി ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ് താൻ. പത്തനാപുരം എം.എൽ.എ.യ്ക്ക് ഇതിനെ കുറിച്ച് അറിയാമെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.
സോളാർ കേസ് സി.ബി.ഐ.ക്ക് വിട്ട് ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. കേസ് നിയമ പരമായി നേരിടും. എട്ട് വർഷമായി ഉമ്മൻ ചാണ്ടിയെ സോളാർ കാട്ടി പേടിപ്പിക്കുന്നു. യു.ഡി.എഫ് ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. പത്തനാപുരം തലവൂരിൽ നടന്ന ഗാന്ധി സ്മൃതി യാത്രയോടനുബന്ധിച്ച് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.