കൊല്ലം : സ്വന്തം കെട്ടിടത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി കടപ്പാക്കട സ്വദേശികളായ ഡോക്‌ടര്‍ ദമ്പതികള്‍ കോര്‍പറേഷന്‍ ഓഫിസ് കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് മാസം ആറായി. ഒടുക്കം ഡോക്‌ടര്‍ ബിജി പ്രസാദിന്‍റെ സങ്കടത്തിന് അറുതി വരുത്തിയത് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്. ഇന്ന് രാവിലെയാണ് ബിജി പ്രസാദിന്‍റെ കെട്ടിടത്തിന് മേയര്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്.
രണ്ട് വര്‍ഷം മുമ്പാണ് സ്വന്തം സ്ഥലത്ത് ഡോക്‌ടര്‍ ബിജി പ്രസാദും ഭര്‍ത്താവ് ദേവി പ്രസാദും കൂടി ക്ലിനിക്ക് ആരംഭിച്ചത്. ആഴ്‌ചയില്‍ രണ്ട് ദിവസമാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്ലിനിക്കിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇതുവരെയും കോര്‍പറേഷന്‍ അനുവദിച്ചിരുന്നില്ല. ഒടുക്കം അടച്ച് പൂട്ടാന്‍ തീരുമാനിച്ച ക്ലിനിക്കിനാണിപ്പോള്‍ മേയറുടെ ഇടപെടലില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്.
ആറ് മാസം മുമ്പ് ക്ലിനിക്കിന്‍റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ഡോക്‌ടര്‍ കോര്‍പറേഷനിലെത്തിയപ്പോള്‍ അയല്‍വാസി പരാതിയുമായി തടസം നിന്നിരുന്നു. ക്ലിനിക്ക് നിര്‍മിച്ചിരിക്കുന്നത് തന്‍റെ കൂടി ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് കെട്ടിടത്തില്‍ കൃത്യമായി പരിശോധന നടത്തിയതിന് ശേഷമേ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ കഴിയൂവെന്ന് കോര്‍പറേഷന്‍ അറിയിച്ചു.
തുടര്‍ന്ന് കോര്‍പറേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി കെട്ടിടം പരിശോധന നടത്തിയതിന് ശേഷം സര്‍ട്ടിഫിക്കറ്റിനായി കോര്‍പറേഷനിലെത്തിയപ്പോഴേക്കും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി അയല്‍വാസി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതോടെ വിവരാവകാശ അപേക്ഷയ്‌ക്ക് വ്യക്തമായ മറുപടി നല്‍കിയതിന് ശേഷം മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കൂവെന്ന് കോര്‍പറേഷന്‍ അറിയിച്ചു.
വിവരാവകാശ അപേക്ഷയ്‌ക്ക് മറുപടി നല്‍കിയതിന് ശേഷം ഉടമസ്ഥവാകാശ സര്‍ട്ടിഫിക്കറ്റിനായി ഡോക്‌ടര്‍ വീണ്ടും കോര്‍പറേഷനെ സമീപിച്ചു. അപ്പോഴാണ് ഡോക്‌ടറുടെ ക്ലിനിക്കിലേക്ക് അനധികൃതമായാണ് വൈദ്യുതി എടുത്തിരിക്കുന്നതെന്ന് പറഞ്ഞ് അയല്‍വാസി വീണ്ടും പരാതിയുമായി കോര്‍പറേഷനെ സമീപിച്ച കാര്യം അറിയുന്നത്. പരാതിയെ തുടര്‍ന്ന് വീണ്ടും ക്ലിനിക്കില്‍ പരിശോധന നടത്തി. തുടര്‍ന്ന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനിരിക്കെ അയല്‍വാസി വീണ്ടും വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു.
കഴിഞ്ഞ ആറ് മാസമായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന് അയല്‍വാസി തടസം നില്‍ക്കുകയാണെന്നായിരുന്നു ഡോക്‌ടറുടെ പരാതി. അയല്‍വാസിയുടെ സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിനെതിരെ ഡോക്‌ടര്‍ ബിജി പ്രസാദും ദേവി പ്രസാദും പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന് അയല്‍വാസി തടസം നില്‍ക്കുന്നതെന്നും ഡോക്‌ടര്‍ പറയുന്നു.
തങ്ങളുടെ ക്ലിനിക്ക് അവിടെ പ്രവര്‍ത്തിക്കുന്നതില്‍ അയല്‍വാസി സംതൃപ്‌തനല്ലെന്നും ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് നല്ല രീതിയില്‍ സ്ഥാപനം മുന്നോട്ടുകൊണ്ട് പോകാനും രോഗികളെ പരിചരിക്കാനും കഴിയില്ലെന്നും ഡോക്‌ടര്‍ ബിജി പ്രസാദ് പറഞ്ഞു.
കെട്ടിടത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി കോര്‍പറേഷന്‍ കയറിയിറങ്ങി മടുത്ത ഡോക്‌ടര്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ ഒടുക്കം ക്ലിനിക്ക് അടച്ച് പൂട്ടാമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. അവസാനം ഡോക്‌ടര്‍ ബിജി പ്രസാദ് കോര്‍പറേഷനിലെത്തി വിഷയം മേയറുടെ മുന്നില്‍ അവതരിപ്പിച്ച് പൊട്ടിക്കരഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ മേയര്‍, നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കി.