കൊല്ലം: കിളികൊല്ലൂര്‍ കസ്റ്റഡി മർദനത്തിൽ വീണ്ടും ന്യായീകരണവുമായി സസ്പെൻഷനിലായ എസ്.ഐ.അനീഷ്. ഓഡിയോ സംഭാഷണത്തിലൂടെയാണ് സംഭവങ്ങൾ എസ്.ഐ വിവരിക്കുന്നത്. സൈനികനായ വിഷ്‌ണു, സഹോദരന്‍ വിഘ്‌നേഷ് എന്നിവര്‍ റൈറ്ററെ ആക്രമിച്ചെന്നും താനും സിഐയും ചേര്‍ന്ന് ബലം പ്രയോഗിച്ചതുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നുമാണ് അനീഷിന്‍റെ വാദം.
സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ട പൊലീസ് നടപടിയിൽ സേനയ്ക്കുള്ളിൽ ഭിന്നത തുടരുന്നതിനിടെയാണ് എസ്.ഐ.യുടെ ഓഡിയോ പുറത്ത് വരുന്നത്. താനും സിഐയും നിലവിളി കേട്ടാണ് ഓടി വന്നതെന്നും ആ സമയത്ത് റൈറ്റര്‍ ചോരയൊലിപ്പിച്ച് നില്‍ക്കുകയായിരുന്നെന്നും എസ്.ഐ അനീഷ് പറയുന്നു. സംഭവം നടക്കുന്ന സമയത്ത് എസ്.എച്ച്.ഒ.വിനോദോ, എസ്.ഐ.അനീഷോ ഇവിടെ ഇല്ലായിരുന്നെന്നും വ്യക്തമാക്കുന്നതാണ് ഓഡിയോ സംഭാഷണം.
എന്നാൽ, മർദനമേറ്റ പ്രകാശ് ചന്ദ്രൻ ചോര ഒലിപ്പിച്ച് നിൽക്കുന്നതായോ, എസ്.ഐ.യും, സി.ഐ.യും അവിടെ എത്തുന്നതായിട്ടോ ഇന്നലെ പുറത്ത് വിട്ട ദൃശ്യങ്ങളിലില്ല. ഇത് വീണ്ടും പൊലീസിനെ പ്രതിരോധത്തിലാക്കുകയാണ്. അതേസമയം, സ്റ്റേഷനിൽ സൈനികനായ വിഷ്‌ണുവിനെ എ എസ് ഐ മര്‍ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത് സംബന്ധിച്ച് സേനക്കുള്ളിൽ തന്നെ ഭിന്നതയെന്നാണ് വിവരങ്ങള്‍.
എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. എന്നാൽ സ്റ്റേഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് വിഘ്നേഷ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരാവകാശ രേഖ സമര്‍പ്പിച്ചു. മര്‍ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ യുവാവിനെ കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ച് വരുത്തി മൊഴിയെടുത്തു.