കൊല്ലം: മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് അഞ്ചാലുംമൂട് സബ് ഇൻസ്പെക്ടർ അധിക്ഷേപിച്ചതായി പരാതി. കൊല്ലം വെങ്കേകര സ്വദേശി അവിനാശ് കുമാറാണ് അഞ്ചാലുംമൂട് സബ് ഇൻസ്പെക്ടർ മനാഫിനെതിരെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കിയത്. ഗേറ്റിന് പുറത്ത് ഇരുചക്ര വാഹനം പാർക്ക് ചെയ്യന്നതിനിടെ സ്ഥലത്ത് എത്തിയ എസ്.ഐ ഭാര്യക്കും മക്കൾക്കും മുന്നിൽ വച്ച് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്‌തു എന്ന് അവിനാഷ് പറയുന്നു.
വാഹനം പുറത്ത് പാർക്ക് ചെയ്യാൻ ഇറക്കിയത് ആണെന്ന് പറഞ്ഞിട്ടും ഇത് വകവയ്ക്കാതെ തെറിവിളിയുമായി വീട്ടിലേക്ക് കയറി വരികയായിരുന്നു. ഇതിന് തെളിവായി അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും അവിനാഷ് പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നയാളാണ് അവിനാശ്. എസ്.ഐയിൽ നിന്നുണ്ടായ ദുരനുഭവത്തിന് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയനായ എസ്.ഐ മനാഫിന് എതിരേ നേരത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിന്‍റെ പേരിൽ അച്ചടക്ക നടപടി ഉൾപ്പെട്ട നേരിട്ടിട്ടുണ്ട്.