കൊല്ലം : ആൾത്താമസമില്ലാത്ത വീടിന്‍റെ പിൻഭാഗത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് പിടികൂടി. രണ്ടാം കുറ്റിയിൽ പ്രതീക്ഷ നഗറിലെ വീടിന്‍റെ പിൻഭാഗത്ത് അടുക്കള വാതിലിന്‍റെ സമീപത്തായാണ് നീലച്ചടയൻ ഇനത്തിലെ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 8 അടിയും 5 അടിയും ഉയരം വരുന്ന ആറ് മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്.
കഞ്ചാവ് കണ്ടെത്തിയ വീടിന് മുന്നിലെ വീതി കുറഞ്ഞ റോഡിൽ ഗതാഗത കുരുക്കുണ്ടായപ്പോൾ ചെടിയുടെ ഇല യാത്രക്കാരന്‍റെ കണ്ണിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പൊലീസിനേയും എക്‌സൈസിനെയും വിവരമറിയിക്കുകയായിരുന്നു.
കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. കഞ്ചാവ് നട്ടു വളർത്തിയവരെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.