കൊല്ലം: അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ യുകെജിക്കാരന്‍ അദ്വൈതിന്‍റെ ഇപ്പോഴത്തെ പ്രധാന വിനോദം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലെ കറക്കമാണ്. സംശയിക്കേണ്ട, പൊലീസുകാരനായി ബുള്ളറ്റിൽ കറങ്ങണമെന്ന അദ്വൈതിന്‍റെ ആഗ്രഹത്തിനുള്ള പ്രോത്സാഹനമായാണ് അച്ഛൻ അനൂപ് സദാനന്ദൻ ബുള്ളറ്റിന്റെ അതേ രൂപത്തിലും ഭാവത്തിലുമുള്ള കുഞ്ഞൻ ബുള്ളറ്റ് നിർമിച്ചു നൽകിയത്.
പത്തനാപുരം സ്വദേശിയായ അനൂപിന് കുട്ടിക്കാലം മുതൽ ഡിസൈനർ ജോലികളോടായിരുന്നു കമ്പം. അങ്ങനെയാണ് മകനുവേണ്ടി ഒരു ബുള്ളറ്റ് നിർമ്മിക്കാൻ പ്രചോദനമായത്. 14 ഇഞ്ച് സൈക്കിളിന്റെ മാതൃകയിൽ 112 സെന്‍റിമീറ്റർ നീളവും 60 സെന്‍റിമീറ്റർ വീതിയുമുള്ള ബുള്ളറ്റാണ് അനൂപ് മകനുവേണ്ടി നിർമിച്ചത്. ഫൈബറും മെറ്റലുമാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സൈക്കിൾ മോട്ടോർ കിറ്റും 12 വോൾട്ട് ബാറ്ററിയുമാണ് കുഞ്ഞൻ ബുള്ളറ്റിനെ ചലിപ്പിക്കുന്നത്.
ഒരുതവണ ചാർജ് ചെയ്‌താൽ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നിർത്താതെ ഓടിക്കാമെന്ന് അനൂപ് പറയുന്നു. ഇന്‍റീരിയർ ഡിസൈനറായ അനൂപ് ഇതിനുമുമ്പും ഒട്ടനവധി മിനിയേച്ചർ വസ്‌തുക്കൾ നിർമിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. അനൂപിന്‍റെ ന്യൂജൻ പരീക്ഷണങ്ങൾക്ക് പൂർണ പിന്തുണയുമായി ഭാര്യ ഹിമയും കുടുംബവും കൂടെയുണ്ട്.