കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കൊല്ലം വാളത്തുങ്കൽ സ്വദേശി രഘു (43) അയത്തിൽ സ്വദേശി അജന്തൻ (43) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ മുകളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിൽ അലങ്കാരത്തിന് വേണ്ടി നിർമിച്ച മേല്‍ക്കൂരയാണ് തകർന്നത്.
ഇതിന് അടിയിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും. നിർമാണത്തിലെ അപാകതയാണ് തകർച്ചയ്‌ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് കോൺക്രീറ്റിനടിയിൽ കുരുങ്ങിക്കിടന്ന ഇവരെ പുറത്തെടുത്ത് തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരേയും ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വച്ചാണ് രഘു മരിച്ചത്. അജന്തനെ വിദഗ്‌ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രക്കിടെ മരിച്ചു. രഘുവിന്‍റെ ഭാര്യ: കാർത്തിക, മകൾ: കീർത്തന. പ്രശാന്തിയാണ് അജന്തന്‍റെ ഭാര്യ. മക്കൾ: കാശിനാഥ്, കൈലാസ് നാഥ്.