കൊല്ലം: പനി ബാധിച്ച് എത്തിയ ഒൻപതാം ക്ലാസുകാരന് മരുന്നിന് പകരം തറ വൃത്തിയാക്കുന്ന ലോഷന്‍ നല്‍കിയെന്ന് പരാതി. കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന് എതിരെയാണ് ഗുരുതര ചികിത്സ പിഴവ് ആരോപണം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്ററ സ്വദേശി ആശിഖിനാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന് മാറി നൽകിയത്. അച്ഛന്‍ അനിൽകുമാറിനൊപ്പം പനിക്ക് മരുന്ന് വാങ്ങാനാണ് ആശിഖ് ആശുപത്രിയിൽ എത്തിയത്. ചുമയ്‌ക്കുള്ള മരുന്നിന് കുപ്പി വേണമെന്ന് ഫാർമസിയിൽ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് അനിൽകുമാർ പുറത്തുനിന്ന് കുപ്പി കൊണ്ടുവന്ന് മരുന്ന് വാങ്ങി.
പിന്നീട് വീട്ടിലെത്തി ഇത് കഴിച്ചപ്പോഴാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. മരുന്ന് കഴിച്ചപ്പോൾ വയറ്റിൽ നീറ്റലുണ്ടായെന്നാണ് പറയുന്നത്. ഉടൻ തന്നെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്‌ടറെ വിവരം അറിയിച്ചു.
പരാതി അടിസ്ഥാനരഹിതമെന്ന് ആശുപത്രി: ആശിഖിനെ പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമയുടെ മരുന്നിന് പകരം തറ തുടയ്‌ക്കുന്ന ലോഷനാണ് ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്നാണ് വിദ്യാര്‍ഥിയുടെ കുടുംബം ആരോപിക്കുന്നത്. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഡിഎംഒയ്‌ക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെ അച്ഛൻ നൽകിയ പരാതിയിൽ പുത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രി ജീവനക്കാർക്ക് എതിരെ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.