കൊല്ലം : സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയ നായയുടെ ജഡം ഉപേക്ഷിക്കപ്പെട്ട കിണറില്‍. കൊല്ലം ആറ്റൂർകോണം സ്വദേശി ദിലീപിൻ്റെ ചോട്ടു എന്ന നായയുടെ ജഡമാണ് കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് ചോട്ടുവിനെ കാണാതായത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമയും കുടുംബവും.
ഉടമ ദിലീപ് പറയുന്നതെന്തും ചോട്ടു അനുസരിക്കുമായിരുന്നു. അങ്ങനെയാണ് ഈ നായ സോഷ്യൽ മീഡിയയിൽ വൈറലായത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ചോട്ടുവിനെ കാണാതായത്. പിന്നാലെ പൊലീസ് കേസെടുക്കുകയും ഡോഗ് സ്ക്വാഡിനെ അടക്കം എത്തിച്ച് പരിശോധന നടത്തുകയും ചെയ്‌തിരുന്നു.
ഇതിനിടെയാണ് ചോട്ടുവിനെ സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറില്‍ കണ്ടെത്തിയത്. റബ്ബർ ടാപ്പിങ് തൊഴിലിൽ ഏർപ്പെട്ടിരുന്നയാൾ, ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്.
ALSO READ: സ്‌കൂളിനുള്ളിൽ കയറി കൊമ്പനാന, നിലവിളിച്ചോടി കുട്ടികൾ ; വീഡിയോ
തുടർന്ന് ഉടമ ദിലീപിനെ വിവരം അറിയിച്ച് ചോട്ടുവാണെന്ന് സ്ഥിരീകരിച്ചു. കിണറ്റിൽ നിന്നും കരയിലെത്തിച്ച ചോട്ടുവിൻ്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.