കൊല്ലം : അഷ്ടമുടി കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. കുണ്ടറ കൈതാകോടി നെടിയവിള വീട്ടിൽ ആൻ്റണി(62), കലതി പൊയ്കയിൽ ഷീബ ഭവനിൽ ക്ലീറ്റസ് (47) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച വൈകിട്ടാണ് ഇവർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയത്. ബുധനാഴ്‌ച പുലർച്ചെ മൂന്നിന് പെരുമൺ നീറ്റുംതുരുത്ത് കടവിന് സമീപം ഇരുവരും ചായ കുടിക്കാൻ കയറി. തുടർന്ന് മടങ്ങുമ്പോൾ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു.
Also Read:ശക്തമായ കാറ്റ്: കൊല്ലം തുറമുഖത്ത് മടങ്ങിയെത്തി മത്സ്യത്തൊഴിലാളികൾ
സ്ഥിരമായി ഇരുവരും മത്സ്യബന്ധനം കഴിഞ്ഞ് രാവിലെ ആറ് മണിക്ക് മുൻപ് തിരിച്ചെത്തുന്നതാണ്. കാണാത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചിരുന്നില്ല. തുടർന്ന് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടിടങ്ങളിലായി ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പളളിയാതുരുത്ത് ,പുല്ലുവാല ഭാഗങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗ്രേസിയാണ് ആൻ്റണിയുടെ ഭാര്യ. മക്കൾ, ജോർജ് (മാനേജർ, എസ്.ബി.ഐ.വിളക്കുടി),സീന, മരുമകൻ ഷൈൻ (റെയിൽവേ, കൊല്ലം). ഷീബയാണ് ക്ലീറ്റസിൻ്റെ ഭാര്യ. മക്കൾ ഷെബി, അരുൺ.