കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്‍റെ വീട്ടുവളപ്പിൽ 'മുട്ട കൂടോത്രം'. വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിന്‍റെ ചുവട്ടിലാണ് വാഴയിലയിൽവച്ച നിലയിൽ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. ഒരു മുട്ടയുടെ മേൽ ചുവപ്പ് നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുഭാഗത്ത് 'ഓം' എന്നും എഴുതിയിട്ടുണ്ട്. ഇത് കൂടോത്രമാണെന്ന ആരോപണമാണ് യുഡിഎഫ് പ്രവർത്തകർ ഉയർത്തുന്നത്. ഉല്ലാസിനെ തോൽപ്പിക്കാനുള്ള നീക്കമാണെന്നും പ്രവർത്തകർ ആരോപിക്കുന്നു.
എന്നാല്‍ തമാശയായിരിക്കാം എന്നാണ് ഉല്ലാസ് കോവൂർ പറയുന്നത്. രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ കൂടോത്രമൊന്നും ചെയ്യുമെന്ന് കരുതുന്നില്ല. കൂടോത്രത്തിനെക്കാളും ഭീകരമായി വ്യക്തിഹത്യ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ 'കൂടോത്രം' ചെയ്ത് വിജയിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ഇടത് പ്രാമുഖ്യമുള്ള മണ്ഡലത്തിൽ കഴിഞ്ഞ നാല് തവണ വിജയിച്ചത് പോലെ ജയം ഉറപ്പാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂർ കുഞ്ഞുമോന്‍ പ്രതികരിച്ചു. വിഷയത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും തനിക്ക് ആ പണി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.