കൊല്ലം: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പെരിനാട് പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക്. എൽഡിഎഫ് ഭരിക്കുന്ന പെരിനാട് പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിരുന്ന യുഡിഎഫ് അംഗം ഷൈനി ജോൺസൺ രാജി വെച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി അംഗം ശ്രുതി എസ് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സ്റ്റാന്‍റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റിയിലേക്ക് ബിജെപിയുടെ രണ്ട് അംഗങ്ങളും എൽഡിഎഫിന്‍റെ ഒരംഗവും യുഡിഎഫിന്‍റെ ഒരു അംഗവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗത്തിന് എൽഡിഎഫ് വോട്ട് ചെയ്തതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ് അംഗം ചെയർപേഴ്സൺ ആവുകയായിരുന്നു.
ALSO READ: Omicron alert: അതീവ ജാഗ്രതയില്‍ സംസ്ഥാനം; ക്വാറന്‍റൈൻ വ്യവസ്ഥകളില്‍ മാറ്റം
ഈ കഴിഞ്ഞ സെപ്റ്റംബറിൽ യുഡിഎഫ് അംഗമായിരുന്ന ഷൈനി ജോൺസൺ മെമ്പർ സ്ഥാനം രാജി വച്ചതോടെയാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ഒഴിവുവന്നത്. ഷൈനി ജോൺസൺ രാജിവച്ച് ആറാം വാർഡിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം സ്റ്റാന്‍റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള ശ്രമം നടത്തിയിരുന്നു.
ബിജെപിയുടെ ശ്രുതി എസ് എതിരില്ലാതെയാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ചെയർപേഴ്സണായി തെരഞ്ഞെടുത്ത ശ്രുതി പറഞ്ഞു.
ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച സിപിഎമ്മിന് കിട്ടിയ തിരിച്ചടിയാണ് ബിജെപിയുടെ വിജയമെന്നും, യുഡിഎഫ് അംഗമായിരുന്ന ഷൈനി ജോൺസണെ പണവും തൊഴിൽ വാഗ്‌ദാനവും നൽകി സിപിഎം രാജി വെപ്പിച്ചതാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.