കൊല്ലം: അഴിമതി ആരോപണം നേരിടുന്ന പ്രസന്ന ഏണസ്റ്റ് മേയറായതിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. തുടര്‍ന്ന് കോർപ്പറേഷന് മുന്നിൽ വായ്‌മൂടി കെട്ടിയും കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ആറ് അംഗങ്ങളാണ് കൊല്ലം കോർപ്പറേഷനിൽ ബിജെപിക്കുള്ളത്.
ആശ്രാമം ഡിവിഷനിൽ നിന്ന് വിജയിച്ച സജിദാനന്ദ കൊവിഡ് പോസ്റ്റിവായതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ച് എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ആംബുലൻസിൽ ഉടന്‍ തന്നെ തിരികേ പോയതിനാൽ പ്രതിഷേധത്തിൽ പങ്കെടുത്തില്ല. മറ്റ് അഞ്ച് ബിജെപി കൗൺസിലർമാരും വോട്ടിങ് കഴിഞ്ഞ് സത്യപ്രതിജ്ഞ തുടങ്ങുന്നതിന് മുമ്പ് കൗൺസിൽ ഹാളിൽ നിന്നും ഇറങ്ങിപ്പോവുകയും കോർപ്പറേഷൻ ഓഫീസിന് മുന്നിൽ വായ് മൂടികെട്ടി പ്രതിഷേധിക്കുകയും ചെയ്‌തു. വരും ദിവസങ്ങളിലും മേയർക്കെതിരെ സമരപരിപാടികൾ നടത്തുമെന്ന് ബിജെപി പ്രതിനിധികൾ പറഞ്ഞു.
കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വരണാധികാരി അബ്‌ദുൾ നാസറിന്‍റെ മേൽനോട്ടത്തിലാണ് മേയറെ തെരെഞ്ഞെടുക്കുന്നതിനുള്ള വോട്ടിങ് നടന്നത്. മേയർ സ്ഥാനാർഥി സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റിന് 39 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്‍റെ ശ്രീദേവി അമ്മക്ക് ഒമ്പത് വോട്ടും ലഭിച്ചു. എൻഡിഎയുടെ മേയർ സ്ഥാനാർഥിക്ക് അഞ്ച് വോട്ട് ലഭിക്കുകയുകയും ഒരു വോട്ട് അസാധുവാകുയും ചെയ്‌തു. എസ്‌ഡിപിഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.