കൊല്ലം: കാവനാട് ടോൾ പ്ലാസയിൽ ടോൾ ബൂത്ത് ജീവനക്കാരനെ കാർ യാത്രികർ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇന്നലെ(11-08-2022) ഉച്ചയ്ക്കാണ് കൊല്ലം കാവനാട് ടോൾ പ്ലാസയിൽ വച്ച് ടോൾ ബൂത്ത് ജീവനക്കാരനായ അരുണിന് മർദ്ദനമേറ്റത്.
ടോൾ ഗേറ്റിലെ എമർജൻസി ഗേറ്റ് വഴി പ്രതികൾ ടോൾ കൊടുക്കാതെ കടക്കാൻ ശ്രമിച്ചത് അരുൺ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. അരുണിന്‍റെ പരാതി ലഭിച്ചയുടൻ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് വാഹനത്തിൻ്റെ രജിസ്റ്റേർഡ് ഉടമസ്ഥൻ പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ടയാളാണെന്ന് കണ്ടെത്തി.
പിന്നാലെയാണ് കാറിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരും വർക്കല സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. ശേഷം വർക്കല സ്വദേശിയായ ഷിബുവിനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം ഓടിച്ചതും അരുണിനെ മർദ്ദിച്ചതും കൂടെയുണ്ടായിരുന്ന വർക്കല സ്വദേശിയും സുഹൃത്തുമായ ലഞ്ജിത്ത് ആണെന്നാണ് ഷിബു മൊഴി നൽകിയത്.
മർദനമേറ്റ അരുൺ ഇയാളെ തിരിച്ചറിയേണ്ടതുണ്ട്. ലഞ്ജിത്തിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും ഇതുവരെ കണ്ട് കിട്ടിയിട്ടില്ല.
ആലപ്പുഴയിൽ നിന്നും വർക്കലയിലേക്ക് മടങ്ങിവരും വഴിയായിരുന്നു ടോൾ ബൂത്തിലെ അക്രമം. പരിക്കേറ്റ അരുൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.