കൊല്ലം: കൊല്ലത്ത് ക്വാറന്‍റൈൻ ചട്ടം ലംഘിച്ച് അഭിഭാഷക സംഘടന നേതാവ്. തിരുവനന്തപുരത്ത് നിന്ന് ചാത്തന്നൂരിലെ വനിത സുഹൃത്തിന്‍റെ വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന അഭിഭാഷകൻ വള്ളക്കടവ് ജി. മുരളീധരനാണ് ക്വാറന്‍റൈൻ ലംഘിച്ചത്. ഇയാൾക്ക് എതിരെ കേസ് എടുക്കുമെന്ന് ചാത്തന്നൂർ പൊലീസ് അറിയിച്ചു.
ലോക്ക് ഡൗൺ ലംഘിച്ച് വനിത സുഹൃത്തിനെ കാണാൻ രഹസ്യമായി ചാത്തന്നൂരിലെത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയായ ജി.മുരളീധരനെ നാട്ടുകാർ തടഞ്ഞ് വച്ച ശേഷം വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ള ചാത്തന്നൂരിലെത്തിയ ഇയാൾ വനിത സുഹൃത്തിന്‍റെ വീട്ടിലെത്തിയത്. എന്നാല്‍ ഇവിടെ തന്നെ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കി. ഇവിടെ നിന്ന് അഭിഭാഷകൻ രക്ഷപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഇയാൾ ചാത്തന്നൂരിലെത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ പബ്ലിക് പ്രോസിക്യൂട്ടറുടെ സഹായത്തോടെയാണ് അഭിഭാഷകൻ രക്ഷപ്പെട്ടതെന്നാണ് സൂചന. ലോക്ക് ഡൗൺ ലംഘിച്ചതിന് നേരത്തെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ക്വാറന്‍റൈൻ ലംഘിച്ചതിന് മറ്റൊരു കേസ് കൂടി എടുക്കുമെന്ന് ചാത്തന്നൂർ പൊലീസ് അറിയിച്ചു.
അതേസമയം, തിരുവനന്തപുരത്തെത്തിയ അഭിഭാഷകൻ ആദ്യം ബാർ അസോസിയേഷൻ ഓഫീസില്‍ എത്തിയതിനെ തുടർന്ന് ഈ ഓഫീസ് അടച്ചിടണമെന്ന ആവശ്യം ശക്തമാണ്. തിരുവനന്തപുരത്ത് വള്ളക്കടവ് പൊലീസും ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.