കൊല്ലം: മുന്‍ മന്ത്രിയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. കൊട്ടാരക്കരയിലും പൂനലൂര്‍ എന്‍.എസ്.എസ് ആസ്ഥാനത്തും പൊതുദര്‍ശനത്തിന് ശേഷം കെഎസ്ആര്‍ടിസി ബസില്‍ വിലാപ യാത്രയായി കൊണ്ട് വന്ന ഭൗതിക ശരീരം വാളകത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ല ഭരണകൂടത്തിന് വേണ്ടി കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
കൂടുതല്‍ വാർത്തകള്‍ക്ക്: വിട പറഞ്ഞത് രാഷ്ട്രീയ കേരളത്തിലെ അതികായൻ
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍. കെ. പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ്, മുന്‍ എം.പിമാരായ പി.കെ ശ്രീമതി, ജോസ് കെ. മാണി, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എം മണി, കെ.കെ ശൈലജ, ഇ.പി ജയരാജന്‍, കെ.യു ജനീഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍, റോഷി അഗസ്റ്റിന്‍, പി. സി ജോര്‍ജ്, പി. ജെ ജോസഫ്, കെ.എന്‍ ബാലഗോപാല്‍, സുജിത് വിജയന്‍ പിള്ള, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നടന്‍ ദിലീപ്, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.