കൊല്ലം: ട്രാക്കിൽ തെങ്ങിൻതടി വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം പിടികൂടി റെയിൽവേ പൊലീസ്. ഇടവ തൊടിയിൽ ഹൗസിൽ സാജിദ് കാപ്പിൽ ഷൈലജ മൻസിലിൽ ബിജു എന്നിവരെയാണ് പിടികൂടിയത്. ഞായറാഴ്ച പുലർച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്. ചെന്നൈ -ഗുരുവായൂര്‍ ട്രെയിന്‍ തടിയില്‍ തട്ടിയ ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാല്‍ വന്‍ അപകടമൊഴിവായി.
സംഭവം ലോക്കോ പൈലറ്റ് റെയിൽവെ പൊലീസിൽ അറിയിച്ചു. ഇതേ തുടർന്ന് റെയിൽവേ പൊലീസ് ചീഫ് രാജേന്ദ്രന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി കെ.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംഘം രൂപീകരിക്കുകയായിരുന്നു. ഈ സംഘമാണ് പ്രതികളെ മണിക്കൂറുകൾക്ക് അകം പിടിച്ചത്. സ്ഥലവാസികളായ നൂറോളം പേരെയും റെയിൽവേ ജീവനക്കാരോടും നേരിട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ ഇതിഹാസ് താഹ,കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ ഗ്രഡ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ, ഇന്‍റലിജൻസ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യൻ, വിമൽ, കൊല്ലം ആർ.പി.എഫ് ഇൻസ്പെക്ടർ രജനി നായർ എസ്.ഐ. മാരായ ബീന, ഗോപാലകൃഷ്ണൻ, അജിത്എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൊല്ലം ആർ.പി.എഫ് സ്റ്റേഷനിലേക്ക് തുടർ നടപടികൾക്കായി കൈമാറി.153,147 റയിൽവേ ആക്ട് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. ഇതേ സ്ഥലത്താണ് മുമ്പ് മലബാർ എക്സ്പ്രസ് ട്രെയിനിന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ സ്പെഷൽ ടീം അന്വേഷണം തുടരുന്നതിനിടെയാണ് ഈ സംഭവം.