കൊല്ലം: കയാക്കിങ്ങിനെത്തിയ സഞ്ചാരികളെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. പരവൂർ കോങ്ങാൽ ചേരി സ്വദേശി ശരത്ത് എന്നു വിളിക്കുന്ന വിഷ്ണു (27), പരവൂർ കുറുമണ്ടൽ സ്വദേശി പ്രശാന്ത് (31), പൂതക്കുളം മുക്കട സ്വദേശി ശ്രീരാജ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്.
ലക്ഷിപുരം തോപ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ വാട്ടർ സ്പോർട്ട്സ് സ്ഥാപനത്തിൽ നിന്നും കയാക്കിങ്ങിന് പോയ വിദേശികളടങ്ങുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ 26ന് വൈകുന്നേരം മണിയാംകുളം കനാലിലൂടെ കയാക്കിംങ് നടത്തി വന്ന സംഘത്തെ സമീപത്തെ റിസോട്ടിന് സമീപം കായലിൽ കുളിക്കുകയായിരുന്നവരും കരയിലിരുന്നവരും ചേർന്ന് അസഭ്യം വിളിക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. തുടർന്ന് കരയിലൂടെ ബൈക്കിൽ പിന്തുടർന്ന് വന്നും ആക്രമിക്കുകയായിരുന്നു.
സംഘത്തിലെ ഗൈഡ് അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നരഹത്യ ശ്രമം ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
പരവൂർ ഇൻസ്പെക്ടർ നിസാർ, എ. എസ്സ്.ഐമാരായ നിതിൻ നളൻ, സതീഷ്കുമാർ.സി, ഗോപകുമാർ, നിസാം
പ്രദീപ്, രമേശൻ, സി.പി.ഓ മാരായ സായിറാം, പാംലാൽ, രാജേഷ് എന്നി
വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വിനോദ സഞ്ചാരികൾക്ക് നേരെയുളള ഇത്തരം അതിക്രമങ്ങള്‍ നേരിടുമെന്നും സാമൂഹ്യവിരുദ്ധൻമാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ALSO READ: ആരാധനാലയങ്ങൾക്കുള്ള നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് കെസിബിസി