കൊല്ലം: തീരദേശ പരിപാലന നിയമം ലംഘിച്ച് കൊല്ലം കരുനാഗപ്പള്ളിയിൽ അമൃതാനന്ദമയി മഠം കെട്ടിപ്പൊക്കിയത് 12 അനധികൃത കെട്ടിടങ്ങളെന്ന് പഞ്ചായത്ത് രേഖകൾ. മരടിലെ കോടതി നിരീക്ഷണങ്ങൾക്ക് പിന്നാലെ കെട്ടിടങ്ങൾ പൊളിക്കാൻ ആലപ്പാട് പഞ്ചായത്ത് നടപടി തുടങ്ങി. 2017ല്‍ അനധികൃത നിർമാണത്തിനെതിരെ ആലപ്പാട് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞും മറുപടി നൽകാതെ വന്നതോടെയാണ് 16 അംഗ പഞ്ചായത്ത് കമ്മിറ്റി കെട്ടിടങ്ങൾ പൊളിക്കാൻ പ്രമേയം പാസാക്കിയത്.ഇതുമായി ബന്ധപ്പെട്ട നോട്ടീസ് പഞ്ചായത്ത് അധികൃതർ മഠത്തിൽ നേരിട്ടെത്തി നൽകും.
തീരദേശ റോഡിൽ നിന്ന് നിശ്ചിത അകലം പാലിക്കാതെ കെട്ടിടങ്ങൾ നിര്‍മിച്ചതിനെതിരെയും നടപടി ഉണ്ടാകും. തീരദേശ നിയമം ലംഘിച്ച് ഇരുന്നൂറിലധികം കെട്ടിടങ്ങൾ ആലപ്പാട് പഞ്ചായത്തിലുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ദിലീപ് പറഞ്ഞു. വലിപ്പച്ചെറുപ്പമില്ലാതെ അനധികൃത നിർമാണങ്ങൾക്ക് എതിരെ ശക്തമായ നടപടികളുമായി പഞ്ചായത്ത് മുന്നോട്ടുപോകുമെന്നും ഇതിന്‍റെ ഭാഗമായാണ് അമൃതാനന്ദമയി മഠത്തിലെ ആദ്യ നടപടി എന്നും അദ്ദേഹം വ്യക്തമാക്കി.
അമൃതാനന്ദമയി മഠം വിദേശ ടൂറിസ്റ്റുകൾക്കും വിദ്യാർഥികൾക്കുമായി നിർമിച്ച ഫ്ലാറ്റുകൾ ഉൾപ്പെടെയാണ് അനധികൃത നിർമാണങ്ങളുടെ പട്ടികയിലുള്ളത്. ഇതിൽ ചുരുക്കം ചില കെട്ടിടങ്ങൾക്ക് നേരത്തെ പഞ്ചായത്തിൽ നിന്ന് താല്‍കാലിക നമ്പർ നൽകിയിരുന്നു എങ്കിലും തുടർനടപടികൾക്ക് മഠം തയ്യാറായിരുന്നില്ല.