കൊല്ലം: ചവറയില്‍ കൊവിഡ് രോഗിക്കൊപ്പം പോയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത്ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടൻ ആണ് അറസ്റ്റിലായത്. ജൂണ്‍ മൂന്നിന് രാത്രി 11ന് നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ബുധനാഴ്‌ചയാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്‍റെ ഗ്യഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാ കേന്ദ്രത്തിലേത്ത് മാറ്റുന്നതിനിടെ ആയിരുന്നു സംഭവം. പഞ്ചായത്തിന് വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന തെക്കും ഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടസ്ഥതയിലുള്ള ആംബുലൻസിലാണ് കൊണ്ടുപോയത്. ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകൾ ആരെങ്കിലും വേണമെന്ന് സജിക്കുട്ടൻ അവശ്യപ്പെട്ടത് അനുസരിച്ചാണ് യുവതി കൂടി ആംബുലൻസിൽ കയറിയത്.
യാത്രക്കിടെ കയ്യുറ എടുക്കുന്നതിനായി തെക്കും ഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെ എത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡന ശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് കൊവിഡ് രോഗി മരിച്ചു.
ALSO READ: സഹായമായി 'സഹായ'; വിശക്കുന്ന വയർ നിറയ്‌ക്കാൻ ഒരു സംഘം
സംഭവത്തില്‍ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തെക്കുംഭാഗത്ത് നിന്നാണ് സജിക്കുട്ടനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും.