കൊല്ലം: സഹപാഠിക്ക് സഹായഹസ്തവുമായി പൂർവ വിദ്യാർഥി കൂട്ടായ്മ. കൊല്ലം എസ്.എൻ. കോളജിലെ 1987-90 ബാച്ചിലെ ധനതത്ത്വശാസ്ത്ര വിദ്യാർഥികളായ സുഹൃത്തുക്കളാണ് തങ്ങളുടെ നിർധനനായ സുഹൃത്തിന് വീട് നിർമിച്ച് നൽകി മാതൃകയായത്.
തന്‍റെ കോളജ് സുഹൃത്തുക്കളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ കഴിഞ്ഞ വള്ളിക്കീഴ് സ്വദേശി വിജയകുമാറിനെ തിരക്കി തന്‍റെ പൂർവകാല സഹപാഠികൾ എത്തിയപ്പോൾ കാവനാട്ടെ ഫ്ലാറ്റിലെ സെക്യൂരിറ്റി കാബിനിൽ ഇരുന്ന എൻ വിജയകുമാർ (52) ശരിക്കും അദ്ഭുതപ്പെട്ടു. വിജയകുമാറിന്‍റെ അവസ്ഥ എങ്ങനയോ കേട്ടറിഞ്ഞ പഴയ സഹപാഠികൾ വലിയ അന്വേണങ്ങൾക്കൊടുവിലാണ് തങ്ങളുടെ പൂർവകാല സഹപാഠിയായ വിജയ കുമാറിനെ കണ്ടെത്തുന്നത്.
ലോക്ക് ഡൗൺ കാലത്ത് സജീവമായ ‘നൊസ്റ്റാൾജിക് എക്കണോമിക്സ് ഗ്രൂപ്പ്’ എന്ന വാട്സാപ്പ് കൂട്ടായ്മ വഴിയാണ് സുഹൃത്തുക്കൾ ഒരുമിച്ച് കൂടി വിജയ കുമാറിലേക്ക് എത്തുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവിവാഹിതനായ വിജയകുമാർ അച്ഛന്‍റെയും അമ്മയുടെയും മരണശേഷം ഒറ്റയ്ക്കായിരുന്നു താമസം. വിജയകുമാർ താമസിച്ചിരുന്ന വീട് തകർന്നു വീഴാറായ നിലയിലായിരുന്നു.
വീട് നന്നാക്കി കൊടുത്താലോ എന്ന് ആലോചിച്ച കൂട്ടുകാരോട് വീടിന്‍റെ ഭിത്തി പൊട്ടിയതുകൊണ്ട് അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്ന് വിദഗ്ദർ പറഞ്ഞു. അങ്ങനെയാണ് പുതിയൊരു വീടിനെക്കുറിച്ച് അവർ ആലോചിച്ചത്. 52 പേരുള്ള കൂട്ടായ്മ അവരവരുടെ കഴിവിനനുസരിച്ച് പണം ശേഖരിച്ചു. അഞ്ചര ലക്ഷം രൂപയ്ക്ക് ഒരു കുഞ്ഞുവീട് അവരൊരുക്കി. അടുക്കള, കിടപ്പുമുറി, ഹാൾ, വർക്ക് ഏരിയ, വരാന്ത എന്നിവയുള്ള ഒരു കുഞ്ഞ് വീട്. വീടുപണി കരാറെടുത്ത ഷാജിമോൻ സ്വന്തം ചെലവിൽ ടൈലിട്ടു നൽകി. എസ്.എൻ. കോളജിലെ മുൻ അധ്യാപകനായ കെ.എബ്രഹാം വീടിന്‍റെ താക്കോൽ വിജയകുമാറിന് കൈമാറി.