കൊല്ലം: ശക്തമായ കാറ്റിലും മഴയിലും കൊല്ലം ആലപ്പാട് പഞ്ചായത്തില്‍ കടല്‍ ക്ഷോഭം രൂക്ഷം. 50 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. വീടുകളില്‍ വെള്ളം കയറിയതോടെ വീട്ട് ഉപകരണങ്ങള്‍ പലതും ഒഴുകിപോയി. തുടര്‍ച്ചയായ കടലാക്രമണമുണ്ടായിട്ടും സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത്, ചെറിയഴീക്കല്‍ എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലകളാണ് തീരത്തേയ്ക്ക് അടിച്ചു കയറുന്നത്.
പഞ്ചായത്തിന്റെ തെക്കേ അറ്റമായ വെള്ളനാതുരുത്ത് മുതല്‍ വടക്കോട്ട് അഴീക്കല്‍ വരെ 16 കിലോമീറ്റര്‍ നീളത്തില്‍ ശക്തമായ കടലാക്രമണമാണ്. നിലവിലുള്ള ഏറക്കുറേ തകര്‍ന്ന കടല്‍ ഭിത്തിയുടെ മുകളിലൂടെയാണ് തിരമാലകള്‍ കരയിലേക്ക് അടിച്ച് കയറിയത്. റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടി. നൂറുകണക്കിന് വീടുകളില്‍ ഇതിനോടകം വെള്ളം കയറി.