കൊല്ലം: ആലപ്പാട് കരിമണൽ ഖനനം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിൽ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സമരസമിതി. പഠനവും റിപ്പോർട്ടും വൈകുന്നതിന് പിന്നില്‍ കെഎംഎംഎൽ ഒത്തുകളിക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
കരിമണല്‍ ഖനനത്തിന് എതിരെയുള്ള സമരം നൂറ്റമ്പതാംദിവസത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഖനനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച സംഘത്തില്‍ സമരസമിതി നിർദ്ദേശിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനെയും സ്ഥലവാസിയെയും കൂടി ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. പഠനം സംബന്ധിച്ച ഒരു അറിയിപ്പും സമരസമിതിക്ക് ലഭിച്ചിട്ടില്ലെന്നും മേഖലയിലെ കാലാവസ്ഥാ വ്യതിയാനം മുതല്‍ ജലസ്രോതസുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വരെ പഠന വിഷയമാക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.
സെസ്സിലെ ശാസ്ത്രജ്ഞന്‍റെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിനുള്ളില്‍ പഠന റിപ്പോർട്ട് നല്‍കുമെന്നായിരുന്നു സർക്കാർ ഉറപ്പ് നൽകിയിരുന്നത്. അത് പാലിക്കാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും സമരസമിതി പ്രവർത്തകർ വ്യക്തമാക്കി.
ഖനനം പൂർണമായും നിർത്തണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിനാണ് സമരം തുടങ്ങിയത്. സമരത്തിന്‍റെ നൂറ്റമ്പതാം ദിവസം സമരത്തില്‍ പങ്കെടുത്ത മുഴുവൻ പേരുടെയും സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം.