കൊച്ചി : പ്രശസ്‌ത നടൻ കുണ്ടറ ജോണി (71) അന്തരിച്ചു (Actor Kundara Johny Passes Away). ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജോണി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1979ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ഗോഡ്‌ഫാദർ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ താരത്തെ ശ്രദ്ധേയനാക്കി.
എ.ബി രാജിന്‍റെ കഴുകന്‍, ചന്ദ്രകുമാറിന്‍റെ അഗ്നിപര്‍വതം, കരിമ്പന, രജനീഗന്ധി എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് ജോണി പ്രധാന വില്ലനായി മാറുന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായെത്തിയ കിരീടം, ചെങ്കോല്‍ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങള്‍ ജോണിയുടെ കരിയറില്‍ നിര്‍ണായകമായി.
മലയാളത്തില്‍ വില്ലനായി അരങ്ങ് പിടിച്ചടക്കിയ കുണ്ടറ ജോണി നാല് ഭാഷകളിലായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുഗു, തമിഴ്, കന്നഡ സിനിമ ആരാധകരുടെ ഇഷ്‌ടതാരം കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള കലാപാരമ്പര്യത്തിന്‍റെ പിന്‍തുടര്‍ച്ചയിലല്ല ജോണി സിനിമയിലെത്തുന്നത്.
ഐവി ശശിയുടെ മാത്രം 30 സിനിമകളില്‍ വില്ലനായും ഗുണ്ടയായും പൊലീസായുമൊക്കെ ജോണി നിറഞ്ഞാടി. കോളജ് പഠനകാലം മുതല്‍ സ്‌പോര്‍ട്‌സില്‍ തത്‌പരനായിരുന്ന ജോണിക്ക് സിനിമയില്‍ കരുത്ത് പകര്‍ന്നതും ആ സ്‌പിരിറ്റ് തന്നെയായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്.
കൊല്ലം ജില്ലയിലെ കുണ്ടറയില്‍ 1952ലായിരുന്നു ജനനം. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളജ് പഠന കാലത്ത് ജില്ലയിലെ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനായിരുന്നു.
ചലച്ചിത്ര പ്രേമികള്‍ ഓര്‍ത്തുവയ്ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ ജോണിയുടെ വേഷങ്ങള്‍ വേറിട്ടടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ആരാധകര്‍ക്ക് ഓര്‍മിക്കാന്‍ നൂറുകണക്കിന് വില്ലന്‍ വേഷങ്ങള്‍ നല്‍കിയാണ് കുണ്ടറ ജോണിയെന്ന നടന്‍റെ മടക്കം. പിതാവ് ജോസഫ്, മാതാവ് കാതറിന്‍, ഭാര്യ.ഡോ. സ്റ്റെല്ല.