കൊല്ലം: ഒടുവില്‍ കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന സഫലമായി (Abducted girl found at kollam). 21 മണിക്കൂറോളം മലയാളികളെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയിലാഴ്ത്തിയെങ്കിലും അബിഗേലിനെ (Abigail sara reji) സുരക്ഷിതയായി കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് കേരളം. കേരളമൊന്നടങ്കം ഉള്ളുരുകി നടത്തിയ പ്രാര്‍ത്ഥന ഫലം കണ്ടു. കുഞ്ഞ് അബിഗേല്‍ സുരക്ഷിതയെന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് കേരളം ശ്രവിച്ചത്.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രതീക്ഷ വറ്റാതെ മനമുരുകി പ്രാര്‍ത്ഥിച്ച അബിഗേലിന്‍റെ മാതാപിതാക്കളുടെ മുഖത്ത് ഒടുവില്‍ പുഞ്ചിരി പടര്‍ന്നു. ബന്ധുക്കളെ ചേര്‍ത്തു പിടിച്ച് അവര്‍ ആനന്ദാശ്രു പൊഴിച്ചു. കുഞ്ഞിനെ കണ്ടെത്താന്‍ വൈകുന്ന ഓരോ നിമിഷവും കുഞ്ഞിന്‍റെ സുരക്ഷ സംബന്ധിച്ചുയര്‍ന്ന ഭീതിയുടെ ഇരുള്‍ വകഞ്ഞു മാറ്റി ഉച്ചയോടെ പ്രതീക്ഷയുടെ പ്രകാശം പരക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞ് അബിഗേലിനെ ആശ്രാമം മൈതാനത്തു നിന്നു കണ്ടെത്തിയതെങ്കിലും കുഞ്ഞിന്‍റെ ആരോഗ്യ നില തീര്‍ത്തും തൃപ്‌തികരമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
ഇന്നലെ വൈകിട്ട് 4.20 ന് കൊല്ലം ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമല റജി ഭവനില്‍ റജി ജോണിന്‍റെയും സിജിയുടെയും രണ്ടാമത്തെ മകള്‍ അബിഗേലിനെ കാറിലെത്തിയ സംഘം തട്ടിയെടുത്ത് കടന്നു കളഞ്ഞത്. വിവരമറിഞ്ഞതു മുതല്‍ സമീപ ഗ്രാമങ്ങള്‍ ഒന്നടങ്കം റജി ഭവനിലേക്കെത്തി. കടന്നു പോകുന്ന ഓരോ നിമിഷത്തെയും ആശങ്കയോടെ കണ്ട നാട്ടുകാര്‍ പ്രാര്‍ത്ഥനയുമായി കുടുംബത്തിനൊപ്പം കൂടി, മതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
സംഭവം നടന്നയുടന്‍ തന്നെ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പല സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ശക്തമാക്കി. ഡിഐജി നിശാന്തിനി, റേഞ്ച് ഐജി സ്‌പര്‍ജന്‍ കുമാര്‍ എന്നിവര്‍ അന്വേഷണം നേരിട്ട് ഏറ്റെടുത്തു. കുട്ടിയെ കാണാതായതു മുതല്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ നിരന്തരം ലൈവ് സംപ്രേക്ഷണവുമായി ഇതിനൊപ്പം നിന്നു.
പൊലീസിന്‍റെ അന്വഷണം അതി ശക്തമാണെന്ന് തിരിച്ചറിഞ്ഞ പ്രതികള്‍ ഇനിയും കുട്ടിയുമായി മുന്നോട്ടു പോയാല്‍ കുടുങ്ങുമെന്നു മനസിലാക്കി. ഒടുവില്‍ കുഞ്ഞിനെ കൊല്ലത്തെ ഏറ്റവും വലിയ മൈതാനമായ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. അതേ സമയം കുഞ്ഞിനെ സുരക്ഷിതമായി കിട്ടിയതിന്‍റെ സന്തോഷത്തിനിടയിലും കുറ്റവാളികള്‍ ആര് എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം.
കുഞ്ഞിനെ കണ്ടെത്തിയെങ്കിലും കുറ്റവാളികളെ കണ്ടെത്തും വരെ പൊലീസ് അന്വേഷണം തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടിക്കൊണ്ടു പോയവര്‍ സംസ്ഥാനത്തിനു പുറത്തേക്കു കടക്കുന്നതു തടയാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇന്നലെ വൈകിട്ട് കുഞ്ഞിനെ കാണാതയതു മുതല്‍ ഒപ്പം നിന്ന പൊലീസുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വൈദികരോടും നന്ദി രേഖപ്പെടുത്തുന്നതായി അബിഗേലിന്‍റെ മാതാവ് സിജി മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നലെ തല്ല്, ഇന്ന് തലോടല്‍: കുഞ്ഞിനെ കാണാതായതു മുതല്‍ ലൈവ് സംപ്രേക്ഷണം നടത്തിയ ദൃശ്യമാദ്ധ്യമങ്ങള്‍ അപക്വമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇന്ന് കുഞ്ഞിനെ കിട്ടിയതോടെ മാധ്യമങ്ങള്‍ക്ക് പൊതു ജനങ്ങളും കുഞ്ഞിന്‍റെ മാതാപിതാക്കളും ബന്ധുക്കളും നന്ദി രേഖപ്പെടുത്തി.
മാധ്യമങ്ങള്‍ ലൈവ് സംപ്രേക്ഷണം ചെയ്‌തതു കൊണ്ടാണ് പ്രതികള്‍ക്ക് കുഞ്ഞുമായി കടന്നു കളയാന്‍ അവസരം ലഭിക്കാത്തതെന്നും ഊണും ഉറക്കവും ഉപേക്ഷിച്ച് അബിഗേലിനും കുഞ്ഞിനുമൊപ്പം നിന്ന മാധ്യമങ്ങള്‍ക്ക് അബിഗേലിന്‍റെ മാതാവ് സിജിയും നന്ദി രേഖപ്പെടുത്തി.
ALSO READ: അബിഗേല്‍ സാറ റെജിയെ കണ്ടെത്തി ; ആശ്രാമം മൈതാനത്തിനടുത്ത് ഉപേക്ഷിച്ച നിലയില്‍