കൊല്ലം: വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി വിവിധ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ യുവാവിനെ പൊലീസ് തെരയുന്നു. കോട്ടയം ടൗണ്‍ സ്വദേശിയായ യുവാവിനെയാണ് പൊലീസ് തെരയുന്നത്. കിടങ്ങൂരിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ 22ന് സ്വര്‍ണം പൂശിയ രണ്ട് വളകള്‍ വീതം പണയം വച്ച് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു.
ഒരിടത്ത് നിന്ന് 70,000 രൂപയും മറ്റിടത്ത് നിന്ന് 65,000 രൂപയുമാണ് ഇയാൾ വാങ്ങിയത്. രണ്ടിടത്തും ആധാര്‍ കാര്‍ഡ് പകര്‍പ്പ് ഹാജരാക്കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം 24ന് ഏരുമേലിയിലെത്തിയ യുവാവ് അവിടുള്ള പണമിടപാട് സ്ഥാപനത്തിലും സമാനരീതിയില്‍ ആധാര്‍ കാര്‍ഡ് നല്‍കി രണ്ട് വളകള്‍ പണയം വെച്ച് 90,000 രൂപ വാങ്ങി മടങ്ങി. പിന്നീട് സംശയം തോന്നിയ സ്ഥാപന ഉടമ ഈ വളകള്‍ ഉരച്ച് നോക്കിയപ്പോഴാണ് മുക്കുപണ്ടമാണന്നറിയുന്നതെന്നാണ് പൊലീസ് പറയുന്നു.
തുടർന്ന് ഈ വിവരം സ്വകാര്യ പണമിടപാടുകാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പറയുന്നതോടെയാണ് കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകള്‍ പണയ ഉരുപ്പടികള്‍ പരിശോധിക്കുന്നതും ഇവിടെയും പണയം വച്ചിരുന്നത് മുക്കുപണ്ടമാണന്ന് അറിയുന്നതും. കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തിങ്കളാഴ്‌ച രാവിലെ തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ യുവാവ് അവിടെ നിന്നും സമാന രീതിയില്‍ മുക്കുപണ്ടം വച്ച് 65000 രൂപ വാങ്ങി.
ഉച്ചകഴിഞ്ഞ് ഇതേ സ്ഥാപനത്തിന്‍റെ തൊടുപുഴയില്‍ തന്നെയുള്ള മറ്റൊരുശാഖയില്‍ പണയം വയ്ക്കാന്‍ എത്തി. സംശയം തോന്നിയ ജീവനക്കാര്‍ യുവാവിനെ പിടികൂടിയെങ്കിലും അവരെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെട്ടു. എല്ലാ സ്ഥാപനങ്ങളിലും നല്‍കിയിരുന്ന ആധാര്‍ കാര്‍ഡ് കോപ്പിയിലെ ഫോട്ടോ ഒരാളുടേത് തന്നെയായിരുന്നുവെങ്കിലും പേരും ആധാര്‍ നമ്പരും വിലാസവും വ്യത്യസ്‌തമായിരുന്നുവെന്ന് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡും വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായെന്ന് കിടങ്ങൂര്‍ പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കിടങ്ങൂര്‍ പൊലീസിനെ അറിയക്കണമെന്നറിയിച്ച് ലുക്കൗട്ട് നോട്ടീസും ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.