കൊല്ലം: കൊട്ടാരക്കര നഗരസഭയുടെ ചെയര്‍മാനായി എ.ഷാജുവിനെ തെരഞ്ഞെടുത്തു. നഗരസഭാ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ 16 വോട്ട് നേടിയാണ് ഷാജു ചെയര്‍മാന്‍ ആയത്. എല്‍ഡിഎഫില്‍ നിന്ന് എ.ഷാജു കോണ്‍ഗ്രസില്‍ നിന്ന് വി.ഫിലിപ്പ്, ബിജെപിയില്‍ നിന്ന് അരുണ്‍ എന്നിവരുടെ പേരുകള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നു. എ,ഷാജു 16 വോട്ടും, വി.ഫിലിപ്പ് എട്ട് വോട്ടും, അരുണിന് അഞ്ച് വോട്ടും ലഭിച്ചു. തുടര്‍ന്ന് 16 വോട്ട് നേടിയ ഷാജുവിനെ ചെയര്‍മാനായി ഭരണാധികാരി കൃഷ്ണകുമാര്‍ പ്രഖ്യാപിച്ചു.
കേരളകോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്‍റുകൂടിയാണ് മുസ്ലിംസ്ട്രീറ്റ് രണ്ടാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷാജു. കഴിഞ്ഞ തവണ രണ്ട് വര്‍ഷം വൈസ് ചെയര്‍മാന്‍ ആയിരുന്നു. എല്‍ഡിഎഫ് ധാരണ പ്രകാരമാണ് ആദ്യത്തെ ടേം കേരളകോണ്‍ഗ്രസിന് നല്‍കിയത്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. തുടര്‍ന്ന് മണ്ഡലം കമ്മറ്റിയില്‍ വോട്ടെടുപ്പിലൂടെയാണ് ജേക്കബ്ബ് വര്‍ഗീസ് വടക്കടത്തിനെ മറികടന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷാജുവിന്‍റെ പേര് നിര്‍ദേശിക്കപ്പെട്ടത്.