കൊല്ലം :ചെറിയ ചാറ്റൽ മഴയത്ത് ബുള്ളറ്റിൽ ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്തവർ കുറവാണ്. അതിനൊപ്പം പ്രകൃതിയുടെ മനോഹാരിത നുകരാൻ കഴിയുന്ന ഒരു ഇടം കൂടി ആയാലോ. അത്തരം ഒരു യാത്രയ്ക്ക് പറ്റിയ ഇടമാണ് ചെങ്കോട്ടയിൽ നിന്നും കൊല്ലം തെന്മലയിലേക്കുള്ള യാത്ര. ചെങ്കോട്ടയിൽ നിന്നും 30 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ചെങ്കോട്ടയിലെ കൊടും ചൂടിൽ നിന്നു തുടങ്ങുന്ന യാത്ര പിന്നീട് എത്തുന്നത് തെന്മലയിലെ പച്ചപ്പിലേക്ക് ആണ്.
മരക്കൂട്ടങ്ങൾക്കിടയിലൂടെ കാടിന്‍റെ ആവാസവ്യവസ്ഥകൾ കണ്ടറിഞ്ഞുള്ള യാത്രയുടെ സുഖം പറഞ്ഞറിയിക്കാനാവില്ല. മഞ്ഞിറങ്ങി നിൽക്കുന്ന മലനിരകളും ചെറുചുരമിറങ്ങി വരുന്ന ആനവണ്ടിയും അതിഥികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന വാനര സംഘത്തെയും നമുക്ക് കാണാം. ആര്യങ്കാവിനും പുനലൂരിലും ഇടയിൽ മല തുരന്ന് നിർമ്മിച്ച തുരങ്കങ്ങളും ദേശീയ പാതയ്ക്ക് സമാന്തരമായി കോട്ടവാതിലുകളുടെ സൗന്ദര്യവുമായി പതിമൂന്ന് കണ്ണറപ്പാലവും യാത്രയ്ക്ക് ഹൃദ്യമായ അനുഭവം നൽകുന്നു. തെന്മലയിലേക്ക് അടുക്കുമ്പോൾ അരിക് ചേർന്നൊഴുകുന്ന കഴുതുരുട്ടി ആറ് മറ്റൊരു മനോഹര കാഴ്ചയാണ്. ഒഴുകിയെത്തുന്ന വെള്ളം നേരിട്ട് കുടിച്ചാലും പ്രശ്നമില്ല. അത്രയ്ക്കും ശുദ്ധമാണ്. മരങ്ങൾക്കിടയിലൂടെ വികൃതി കാട്ടുന്ന കുട്ടികുരങ്ങൻമാരും നിറുത്താതെ ഒച്ചയെടുക്കുന്ന ചീവീടുകളുടെ ശബ്ദവും മതിയാവോളം ആസ്വദിക്കാം. ചെങ്കോട്ടയിൽ നിന്ന് തുടങ്ങി യാത്ര തെന്മല എക്കോ ടൂറിസം കേന്ദ്രത്തിൽ അവസാനിക്കുമ്പോൾ നമ്മിലെ സഞ്ചാരിയെ തൃപ്‌തിപ്പെടുത്തുന്ന നിരവധി കാഴ്ചകളാണ് ആസ്വദിക്കാനാകുക