കൊല്ലം: ജില്ലയുടെ തീരദേശ മേഖലയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന മാത്രമായി 80 കോടി രൂപയുടെ വികസനം നടത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറ മണ്ഡലത്തില്‍ മാത്രം 32 കോടി രൂപയുടെ പ്രവര്‍ത്തനമാണ് നത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുഴിയം-മാമൂട്, ഉളിയങ്ങാട്-കേരളപുരം റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശത്തെ റോഡുകള്‍ക്ക് പുറമേ സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങയിവയെല്ലാം നവീകരിക്കുകയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. പുനലൂര്‍-കുണ്ടറ മേഖലയിലെ മുഴുവന്‍ പൈപ്പ് ലൈനും മാറ്റുന്നുണ്ട്. ഞാങ്കടവ് പദ്ധതി പൂര്‍ത്തീകരണത്തോടെ ജില്ലയില്‍ കുടിവെള്ള ദൗര്‍ലഭ്യത്തിന് പരിഹാരം കാണാനാകും. അടഞ്ഞ് കിടക്കുന്ന കശുവണ്ടി ഫാക്ടറികളില്‍ ഭൂരിഭാഗവും തുറക്കാൻ കഴിഞ്ഞു. 508 ഫാക്‌ടറികൾ പ്രവർത്തനക്ഷമമായി. കടം കയറിയ ഫാക്ടറി ഉടമകള്‍ക്ക് ആശ്വാസമായി പലിശ വഹിക്കുകയാണ് സര്‍ക്കാര്‍. എല്ലാ മേഖലകളിലും ഇടപെട്ട് ജനങ്ങള്‍ക്കായി നിലകൊള്ളുന്ന സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്ന രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.