കൊല്ലം: തമിഴ്‌നാട്ടിൽ നിന്നും വില്‍പനക്കെത്തിച്ച 3,000 കിലോ പഴകിയ മത്സ്യം കൊല്ലം ശക്തികുളങ്ങരയിൽ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. മത്സ്യം കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുത്തു. ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് ശക്തികുളങ്ങര ഹാർബറിന് സമീപം മത്സ്യവുമായി വാഹനം കണ്ടെത്തിയത്. ഫിഷറീസ്, കോസ്റ്റൽ പൊലീസ്, മറൈൻഎൻഫോഴ്‌സ്‌മെന്‍റ്, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്.
ലോക്‌ഡൗണിന്‍റെ ഭാഗമായ നിയന്ത്രണങ്ങൾ മൂലം കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞത് മുതലെടുത്ത് തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കേരളത്തിൽ എത്തിച്ചു വിൽക്കാനുള്ള വ്യാപക ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ജില്ലയിൽ മൂന്നിടത്ത് നിന്നായി തമിഴ്‌നാട്ടിൽ നിന്ന് വില്‍പനക്കായി എത്തിച്ച പതിനായിരം കിലോയിലധികം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. ചൂര ഇനത്തിൽപ്പെട്ട മത്സ്യമാണ് ഈ രീതിയിൽ കൂടുതലായും എത്തുന്നത്.