കൊല്ലം : വഴിയിൽ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ച ക്രിസ്‌മസ് ട്രീ ജനശ്രദ്ധയാകർഷിക്കുന്നു. കൊല്ലം കടവൂർ സെന്‍റ് കാസിമിർസ് ദേവാലയാങ്കണത്തിലാണ് 12,000 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് 22 അടിയോളം ഉയരത്തിൽ ക്രിസ്‌മസ് ട്രീ ഒരുക്കിയിരിക്കുന്നത്. കടവൂർ മതിലിൽ സ്വദേശി ജോൺ ജോസഫാണ് ക്രിസ്‌മസ് ട്രീയുടെ ശില്‍പ്പി.
16 ദിവസം കൊണ്ടാണ് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള ഈ ഭീമൻ നിർമിതി പൂർത്തിയാക്കിയത്. ഒരു ലിറ്ററിന്‍റെയും അര ലിറ്ററിന്‍റെയും കുപ്പികളാണ് ക്രിസ്‌മസ് ട്രീ നിർമാണത്തിനായി ശേഖരിച്ചത്. കുപ്പികൾക്കുള്ളിൽ ലൈറ്റുകൾ കടത്തിയ ശേഷം പ്ലാസ്റ്റിക് നൂലിൽ കോർത്തെടുത്താണ് ക്രിസ്‌മസ് ട്രീയാക്കിയത്.
രാത്രിയിൽ പല വർണങ്ങളിൽ മിന്നുന്ന ക്രിസ്‌മസ് ട്രീ കണ്ടാസ്വദിക്കുവാൻ നിരവധി ആളുകളാണ് ദേവാലയാങ്കണത്തിലേയ്‌ക്ക് എത്തിച്ചേരുന്നത്. ക്രിസ്‌മസ് ട്രീയോട് ചേർന്ന് ആറടി പൊക്കത്തിലുള്ള പുൽക്കൂടും, 22 അടി പൊക്കമുള്ള ക്രിസ്‌മസ് പാപ്പയുടെ രൂപവും ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി കടവൂർ പള്ളിയിൽ ക്രിസ്‌മസ് കാലത്ത് ജോൺ ജോസഫ് പാപ്പയുടെ രൂപം ഒരുക്കാറുണ്ടായിരുന്നു.
ഇത്തവണ പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരായ ആശയ പ്രചാരണം എന്ന നിലയിലാണ് ഇത്തരത്തിൽ ഒരു ക്രിസ്‌മസ് ട്രീ നിർമിക്കാൻ തീരുമാനിച്ചത്. ഏകദേശം ഒരുലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവായത്. ആറുപേറുടെ സഹായത്തോടെയാണ് ജോൺ ജോസഫ് നിർമാണം പൂർത്തീകരിച്ചത്.
വരുന്ന ഈസ്റ്ററിന് ഉയിർത്തെഴുന്നേൽപ്പിന്‍റെ ഭീമൻ ശിൽപ്പമുണ്ടാക്കാൻ പദ്ധതിയുള്ളതായും ജോൺ പറഞ്ഞു. മുമ്പ് അധ്യാപകനായിരുന്ന ജോണ്‍ ഇപ്പോൾ ഇവന്‍റ് മാനേജ്‌മെന്‍റ് മേഖലയിലാണ് ജോലി ചെയ്യുന്നത്.