കൊല്ലം: തെക്കുംഭാഗം പഞ്ചായത്തില്‍ 150 വർഷത്തോളം പഴക്കമുള്ള കൽ വിഗ്രഹങ്ങൾ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ പറമ്പില്‍ കുഴിയെടുക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. അഴകത്ത് വാർഡിൽ കുളങ്ങര വേളി ക്ഷേത്രത്തിന് സമീപം ഐക്കര തെക്കതിൽ ഗോപാലകൃഷ്ണന്റെ പുരയിടത്തിൽ നിന്നുമാണ് കൽ വിഗ്രഹങ്ങൾ ലഭിച്ചത്.
ദൈവ രൂപങ്ങൾ കൊത്തിയെടുത്ത രണ്ട് വിഗ്രഹങ്ങളാണ് ലഭിച്ചിട്ടുള്ളത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി തഹസീൽദാർ എൻ.സാജിദാബീഗം, വില്ലേജ് ഓഫീസർ ബാബു, പഞ്ചായത്ത് പ്രസിഡന്റ് യേശുദാസൻ, തെക്കുംഭാഗം പൊലീസ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. കൊല്ലം പുരാവസ്തു വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് വിഗ്രഹങ്ങൾ അധികൃതർ കൈമാറി.