കൊല്ലം: കൊവിഡ് വൈറസ് ജാഗ്രതാ നടപടികളുടെ ഭാഗമായി ജില്ലയില്‍ 10 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തില്‍. വീടുകളിൽ 140 പേരാണ് നിരീക്ഷണത്തിലുള്ളത്. 125 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ എഴുപത്തിയഞ്ച് പേരുടെയും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ ഫലം ഉടന്‍ പ്രതീക്ഷിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി. വി. ഷേര്‍ളി അറിയിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ മാസ്‌കുകള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ ഓഫ് ലീഗല്‍ മെട്രോളജിയെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ വിദേശ സഞ്ചാരികൾ എത്തുന്ന ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ചികിത്സാ സ്ഥാപനങ്ങള്‍, ആശ്രമങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധികൃതര്‍ 0474-2797609, 8589015556 എന്ന നമ്പറില്‍ 30 മിനിട്ടിനകം വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിർദേശമുണ്ട്.
ജില്ലയിലെ ഹൗസ് ബോട്ടുകളിലും റിസോര്‍ട്ടുകളിലും വിനോദ സഞ്ചാര മേഖലകളിലും താമസ സ്ഥലങ്ങളിലും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഏതു സമയത്തും പരിശോധന നടത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ പൊലീസിനെയും അധികാരപ്പെടുത്തിയിട്ടുണ്ട്.