കാസർകോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നു ആരോപിച്ചു മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ യുവമോർച്ചയുടെ കരിങ്കൊടി. കാസർകോട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസ് പരിസരത്താണ് യുവമോർച്ച പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
ബി.ജെ.പി ജില്ല പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ, സംസ്ഥാന വനിത കൺവീനർ അഞ്ജു ജോസ്‌റ്റി, ജില്ല ജനറൽ സെക്രട്ടറി കീർത്തൻ ജെ. കൂഡ്ലു, കാസർകോട് മണ്ഡലം പ്രസിഡൻ്റ് അജിത്ത് കുമാരൻ എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
വനിത പൊലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ യുവമോർച്ച സംസ്ഥാന വനിതാ നേതാവിനെ കൈയേറ്റം ചെയ്യാൻ പൊലീസും ഐ.എൻ.എൽ പ്രവർത്തകനും ശ്രമിച്ചുവെന്നു യുവമോർച്ച ആരോപിച്ചു.
ജില്ല ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ദേശീയപതാക തലകീഴായി ഉയർത്തുകയും സല്യൂട്ട് നൽകുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മന്ത്രി അഹമ്മദ് ദേവർകോവിൽ രാജി വയ്ക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും വേണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
also read: ലോകായുക്ത നിയമഭേദഗതി; സര്‍ക്കാരിന്‍റെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല
ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാസർകോട് ജില്ല കമ്മിറ്റി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.