കാസര്‍കോട്: പൊലീസിന് നേരെയും വീട്ടിലെത്തിയ രണ്ടുപേർക്കും നേരെയും വെടിയുതിർത്ത് യുവാവിന്‍റെ പരാക്രമം. കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം വളാപ്പാടിയിലെ റിട്ടയേര്‍ഡ് എസ്‌ഐ ലൂയിസിന്‍റെ മകന്‍ ബിജുവാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിർത്തത്. വളപ്പാടിയിലെ തങ്കച്ചന്‍(55), പള്ളിപ്പറമ്പില്‍ ബെന്നി(50) എന്നിവര്‍ക്കാണ് വെടിയേറ്റത്.
കൈക്കും പുറത്തും സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ വാഹനം കത്തിച്ച സംഭവം അറിഞ്ഞെത്തിയ ഇരുവർക്കും നേരെയാണ് യുവാവ് വെടിയുതിർത്തത്. വിവരമറിഞ്ഞെത്തിയ അമ്പലത്തറ പൊലീസിന് നേരെയും യുവാവ് വെടി വച്ചു.
കഴിഞ്ഞ ദിവസവും വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ബിജു പിതാവിനെയും മറ്റുള്ളവരെയും വീട്ടില്‍ നിന്നും പുറത്താക്കി വാതിലും ഗേറ്റും അകത്തു നിന്ന് അടച്ചുപൂട്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. പിന്നീട് ഇവരെ വീട്ടിനകത്ത് കയറുന്നത് വിലക്കുകയും ചെയ്‌തു.
എയര്‍ഗണ്‍ എടുത്ത് ഭീഷണിപ്പെടുത്തി ആരെയും വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വന്നതോടെ വീട്ടുകാര്‍ അമ്പലത്തറ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ ദാമോദരന്‍റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പൊലീസ് സംഘം യുവാവിനെ അനുനയിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് സാഹസികമായി കീഴ്‌പ്പെടുത്തിയ യുവാവിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇന്ന് രാവിലെ വീട്ടിലുള്ള ഇരുചക്ര വാഹനവും യുവാവ് കത്തിച്ചിരുന്നു. ബിജുവിന് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.