കാസർകോട്: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കാസര്‍കോട്ടെ ഭെല്‍ ഇ.എം.എല്ലിന്‍റെ ഓഹരികള്‍ സംസ്ഥാനത്തിന് കൈമാറുമ്പോള്‍ സ്ഥാപനം കെല്ലില്‍ ലയിപ്പിക്കണമെന്നാവശ്യം. നേരത്തെ കേരള ഇലക്ട്രിക്കല്‍ അലൈഡ് കെല്ലിന്‍റെ ഭാഗമായിരുന്നപ്പോഴാണ് കൂടുതല്‍ ഓഹരികള്‍ വാങ്ങി സ്ഥാപനം കേന്ദ്രം ഏറ്റെടുത്ത് ഭെല്‍ ഇ.എം.എല്‍ എന്ന് പുനര്‍നാമകരണം ചെയ്‌തത്. നിലവില്‍ ശമ്പളവും ആനുകൂല്യവും മുടങ്ങി സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. ഇതിനെതിരെ തൊഴിലാളി സമരം നടക്കുമ്പോഴാണ് ഭെല്ലിന്‍റെ ഓഹരികള്‍ വിട്ടു നല്‍കുന്നതിന് കേന്ദ്രം അനുകൂല നടപടിയെടുത്തത്. നിലവില്‍ 51 ശതമാനം ഓഹരി ഭെല്ലിനും 49 ശതമാനം സംസ്ഥാന വ്യവസായ വകുപ്പിനുമാണ്.
Read More: ഭെല്‍ തൊഴിലാളി സമരം നൂറാം ദിവസത്തിലേക്ക്
ഒന്നര വര്‍ഷത്തിലധികമായി ശമ്പളം മുടങ്ങി പ്രവര്‍ത്തനം നിലച്ച സ്ഥാപനത്തിനായി തൊഴിലാളികള്‍ നടത്തിയ പോരാട്ടമാണ് വിജയം കണ്ടിരിക്കുന്നത്. സമരങ്ങളും നിയമവ്യവഹാരവുമായി തൊഴിലാളികൾ മുന്നോട്ട് പോകവെയാണ് സ്ഥാപനം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറിന് കൈമാറാന്‍ കേന്ദ്രം തയ്യാറായത്. ഓഹരികള്‍ വിട്ടു നല്‍കാന്‍ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് വില്‍പ്പനക്കരാർ രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നിലവില്‍ പൂട്ടിക്കിടക്കുന്ന സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അടിയന്തര നടപടി സംസ്ഥാന സര്‍ക്കാർ കൈക്കൊള്ളണം. ആദ്യ ഘട്ടത്തില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
Read More: നഷ്ടത്തില്‍ കൂപ്പുകുത്തി കാസര്‍കോട് ഭെല്‍; ആശങ്ക ഒഴിയാതെ തൊഴിലാളികള്‍
ഇരുപത് മാസമായി മുടങ്ങികിടക്കുന്ന ശമ്പളം വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടായാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും. നേരത്തെ ഉണ്ടായിരുന്നത് പോലെ സ്ഥാപനം കെല്ലില്‍ ലയിപ്പിക്കുന്നതോടെ കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കെല്ലിനെ 2011 ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഏറ്റെടുത്തത്. ഇതിനു പിന്നാലെയാണ് ഉത്പാദനം നിലച്ച് സ്ഥാപനം കോടികളുടെ നഷ്‌ടത്തിലേക്ക് കൂപ്പു കുത്തിയത്.