കാസര്‍കോട്: കാസര്‍കോട്ടെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് 97.68ശതമാനം കുറഞ്ഞതായി രണ്ട് വര്‍ഷം മുന്‍പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത് പ്രകാരം ക്രിട്ടിക്കല്‍ മേഖലയിലാണ് കാസര്‍കോട് ബ്ലോക്ക് കണക്കാക്കുന്നത്. കുഴല്‍ക്കിണര്‍ വ്യാപകമായതാണ് ഭൂഗര്‍ഭജലനിരപ്പ് താഴുന്നതിന്റെ പ്രധാനകാരണമായി വിലയിരുത്തപ്പെട്ടത്. ഇതോടെ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി കാസര്‍കോടിനെ ഡാര്‍ക്ക് ഏരിയയായും പ്രഖ്യാപിച്ചിരുന്നു. ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നതിനൊപ്പം മഴയുടെ ലഭ്യത കുറവും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. ലഭിക്കുന്ന മഴവെള്ളമെങ്കിലും ഒഴുകിപ്പോകാതെ സംഭരിക്കുകയോ ഭൂമിയിലേക്ക് ഇറക്കുകയോ മാത്രമാണ് പ്രതിവിധിയെന്നാണ് വിദഗ്‌ധാഭിപ്രായം.
കാസര്കോടിന്റെ ചരിഞ്ഞ ഭൂപ്രകൃതി മഴവെള്ള സംരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ കിണര്‍, കുഴല്‍ക്കിണര്‍ റീചാര്‍ജിങ് രീതികള്‍ അവലംബിച്ചാല്‍ ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിപ്പിക്കാന്‍ സാധിക്കും. നിലവില്‍ കാസര്കോടിന്റെ പ്രത്യേക സാഹചര്യം പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.