കാസർകോട്: ചൂട് കനത്തതോടെ പുഴയിൽ കിണർ കുഴിച്ച് കുടിവെള്ളം ശേഖരിച്ച് ജനങ്ങൾ. പുത്തിഗെ പഞ്ചായത്തിലാണ് ജലസ്രോതസുകൾ വറ്റിയതോടെ പുഴയിൽ കിണർ കുത്തി പ്രദേശവാസികൾ വെള്ളമെടുത്ത് തുടങ്ങിയത്. ഇവിടെ നിന്നും മോട്ടോർ ഘടിപ്പിച്ച് രാവും പകലുമില്ലാതെയാണ് ജനങ്ങൾ വെള്ളം ശേഖരിക്കുന്നത്. പ്രദേശത്ത് ഇത്ര രൂക്ഷമായ പ്രതിസന്ധി ഇതാദ്യമായാണെന്നും നാട്ടുകാർ പറയുന്നു.
വേനൽ എത്തിയതോടെ ഈ ഭാഗത്തെ പുഴകൾ എല്ലാം വറ്റി വരണ്ടിരിക്കുകയാണ്. ഇതോടെ രൂക്ഷമായ വരൾച്ചയുടെ പ്രതീകമാവുകയാണ് ജില്ലയിലെ വറ്റിവരണ്ട പുഴകൾ. പുത്തിഗെ, അംഗഡിമുഗർ, ഷിറയ തുടങ്ങിയ ജില്ലയിലെ പ്രധാന പുഴകളിളെല്ലാം വറ്റി. വേനൽ മഴ തീരെ ലഭിക്കാത്തതാണ് ദുരിതം ഇരട്ടിയാക്കിയത്.
ചുട്ടുപൊള്ളി കാസർകോട്: കൂടാതെ ഇത്തവണത്തെ തുലാവർഷവും ചതിച്ചു. 21% മാത്രമാണ് തുലാമഴ ലഭിച്ചത്. വേനൽകാലം ആരംഭിക്കുമ്പോൾ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ആശങ്കയോടെയാണ് ജനങ്ങൾ ഓരോ ദിവസവും തള്ളി നീക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചയോളമായി കനത്ത ചൂടാണ് കാസർകോട്. ഉയർന്ന താപനില 39 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ചൂടു കൂടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിരുന്നു. ശുദ്ധജലം സംബന്ധിച്ച പരാതികളിൽ ഉടൻ നടപടി കൈക്കൊള്ളാൻ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കടുത്ത വേനലിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
പ്രാധാന്യമേറിയ പമ്പ് ഹൗസുകളിൽ സ്റ്റാൻഡ് ബൈ പമ്പുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ സമയ ബന്ധിതമായി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ പരാതി പരിഹാര നിരീക്ഷണ സെൽ പ്രത്യേകം ശ്രദ്ധിക്കണം. ജലത്തിന്‍റെ ദുരുപയോഗം, മോഷണം എന്നിവ കണ്ടു പിടിക്കാൻ ആന്‍റി വാട്ടർ തെഫ്റ്റ് സ്ക്വാഡിന്‍റെ പ്രവർത്തനം ബ്ലൂ ബ്രിഗേഡുമായി യോജിപ്പിക്കണമെന്നും നിർദേശമുണ്ട്.
തീപിടിത്തവും വ്യാപകം: അതിനിടെ വേനൽ കനത്തതോടെ ജില്ലയിൽ തീപിടിത്തവും വ്യാപകമാകുകയാണ്. എന്നാൽ അതിന് അനുസരിച്ചുള്ള അഗ്നിരക്ഷ സേന ജില്ലയിൽ കുറവാണെന്നതും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട്, കുറ്റിക്കോൽ, ഉപ്പള എന്നിവിടങ്ങളിലാണ് ജില്ലയിലെ അഗ്നിരക്ഷ സേന യൂണിറ്റുകളാണുള്ളത്.
മലയോര മേഖലയിലെ പുൽമേടുകളിലും ചെറു കാടുകളിലും തീപിടിത്തമുണ്ടായാൽ അവിടേക്ക് എത്തിച്ചേരുന്നതിന് പോലും ബുദ്ധിമുട്ടാണ്. കിലോമീറ്ററുകൾ താണ്ടിയാണ് അതിർത്തി പഞ്ചായത്തുകളിലേക്ക് നിലവിലെ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേന എത്തുന്നത്. പലപ്പോഴും അതിർത്തി വിട്ട് കർണാടകയിലേക്ക് പോകേണ്ട സാഹചര്യമുള്ളതായും അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ പറയുന്നു.
ALSO READ: പൊള്ളിച്ച് വേനൽ ചൂട്; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
അതേസമയം വടക്കൻ കേരളത്തിൽ ഇത്തവണ വേനൽ മഴ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ചു ദിവസം മഴ ലഭിക്കുമെങ്കിലും കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഈ മാസം 18ന് ശേഷം മാത്രമേ മഴ ലഭിക്കുകയുള്ളുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.