കാസർകോട്: അഭിപ്രായ ഭിന്നതകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.വി രമേശൻ നിയോഗിക്കപ്പെട്ടു. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വളരെ സ്വാധീനമുള്ള മണ്ഡലത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ വി.വി രമേശന്‍ ജനവിധി തേടുന്നത്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോഴും ഒരു പേരിലേക്ക് എത്താന്‍ ജില്ലാ നേതൃത്വത്തിന് കഴിയാതെ വന്നതോടെയാണ് കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം മണ്ഡലത്തെ ഒഴിച്ചിട്ടത്.
സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തില്‍ പല പേരുകളും വന്നിരുന്നെങ്കിലും ചര്‍ച്ചകളിൽ വിമര്‍ശനങ്ങളും ഭിന്നാഭിപ്രായങ്ങളും ഉയർന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആര്‍ ജയാനന്ദക്കായിരുന്നു ജില്ലാ നേതൃത്വം പ്രഥമ പരിഗണന നല്‍കിയത്. എന്നാല്‍ മണ്ഡലം കമ്മിറ്റിയില്‍ ഭൂരിപക്ഷവും എതിര്‍പ്പ് അറിയിച്ചതോടെ ജില്ലാ നേതൃത്വവും പ്രതിസന്ധിയിലായി. തുടര്‍ന്ന് വീണ്ടും മണ്ഡലം കമ്മിറ്റി ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി.
ബുധനാഴ്ച രാത്രി വൈകും വരെ നീണ്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ശങ്കര്‍ റൈയെ തന്നെ വീണ്ടും പരിഗണിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ശങ്കര്‍ റൈ സ്ഥാനാർഥിയാകുന്നതിലും മണ്ഡലം കമ്മിറ്റി വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെയാണ് നേരത്തെ ഒരുതവണ നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗം വി.വി രമേശന് നറുക്ക് വീണത്.
കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാനാണ് വി.വി രമേശന്‍. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടതും വി.വി രമേശന്‍റെ പേരായിരുന്നു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉണ്ടായ പ്രശ്‌നങ്ങള്‍ ഇതിനകം പ്രവര്‍ത്തകരെയും ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.