കാസര്‍കോട്: 100-ാം പിറന്നാളിന്‍റെ നിറവിലാണ് കേരളത്തിന്‍റെ സമര നായകൻ വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് കേരളം. നാടൊരുമിച്ച് വിഎസിന്‍റെ പിറന്നാൾ ആഘോഷിക്കുമ്പോൾ കാസർകോട് നീലേശ്വരത്തെ ഈ ഓട്ടോ സ്റ്റാൻഡിന് എങ്ങനെ മാറി നില്‍ക്കാനാകും. കാരണം ഈ ഓട്ടോ സ്റ്റാൻഡിന്‍റെ പേര് തന്നെ വിഎസ് ഓട്ടോ സ്റ്റാൻഡ് എന്നാണ്. ആഘോഷത്തിന്‍റെ ഭാഗമായി വിഎസിന്‍റെ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡും സ്ഥാപിച്ചു.
അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു... 103 തികഞ്ഞ വിപ്ലവ പാര്‍ട്ടിക്ക് 100 തികഞ്ഞ വിപ്ലവ സൂര്യനാണ് വിഎസ്...വിഎസും പാർട്ടിയും കലഹിച്ച നാളുകളിലൊക്കെയും ഈ ഓട്ടോ സ്്റ്റാൻഡും ഇവിടുത്തെ തൊഴിലാളികളും വാർത്തകളില്‍ നിറഞ്ഞിരുന്നു. വിഎസ് എടുക്കുന്ന ഏത് നിലപാടിനും അഭിവാദ്യങ്ങളുമായി ആദ്യം ഇവർ ഒപ്പം ചേർന്നിരുന്നു. ഇത്തവണ വിഎസിന്‍റെ പിറന്നാൾ ആഘോഷിക്കാൻ തൊഴിലാളികൾക്കൊപ്പം പാർട്ടി പ്രവർത്തകർ കൂടി ചേർന്നപ്പോൾ സംഗതി ഗംഭീരമായി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്‌തുമാണ് വിഎസ് ഓട്ടോ സ്റ്റാന്‍റിലെ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയത്...
നീലേശ്വരത്തെ വിഎസ് ഓട്ടോ സ്റ്റാൻഡ്: ഇത്തവണ ഓട്ടോ തൊഴിലാളികള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി ചേര്‍ന്നപ്പോഴാണ് ആഘോഷം കെങ്കേമമായത്. ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡില്‍ വിഎസിന്‍റെ പടുകൂറ്റന്‍ ഫ്ലെക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു...103 തികഞ്ഞ വിപ്ലവ പാര്‍ട്ടിക്ക് 100 തികഞ്ഞ വിപ്ലവ സൂര്യനാണ് വിഎസ്...
വർഷങ്ങൾക്ക് മുൻപ് വിഎസ് അച്യുതാനന്ദന് നിയമസഭയിലേക്ക് മത്സരിക്കാൻ സിപിഎം സീറ്റ് നിഷേധിച്ചപ്പോഴും ശേഷം പാർട്ടി നടപടിയുണ്ടായപ്പോഴും സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധ പ്രകടനം നടത്തിയതിലൂടെയാണ് നിലേശ്വരത്തെ വിഎസ് ഓട്ടോ സ്റ്റാൻഡ് മാധ്യമ ശ്രദ്ധ നേടിയത്.
വിഎസിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരളമൊട്ടാകെ പ്രതിഷേധമുണ്ടായി. സിപിഎം നീലേശ്വരം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിലെ കൊടിമരത്തിൽ വിഎസ് പക്ഷം കരിങ്കൊടി ഉയർത്തിയതും ചരിത്രം. 2011ൽ വി.എസ് അച്യുതാനന്ദന് സ്‌ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നീലേശ്വരത്ത് 500 ലധികം പേർ റാലിയില്‍ പങ്കെടുത്തു. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിഎസിനെ അനുകൂലിച്ചും പിണറായി ഉൾപ്പെടെയുള്ള മറ്റു നേതാക്കൾക്കെതിരെയും ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു. ഇതു പാർട്ടിയെ സമ്മർദത്തിലാക്കിയിരുന്നു.
എല്ലാ എതിർപ്പുകളും മറികടന്ന് നീലേശ്വരത്തെ ഓട്ടോ തൊഴിലാളികൾ തങ്ങളുടെ സ്‌റ്റാൻഡിന് വിഎസ് ഓട്ടോ സ്‌റ്റാൻഡ് എന്നു പേരുനൽകി. അങ്ങനെ നീലേശ്വരം വിഎസ് ഓട്ടോ സ്റ്റാൻഡ് രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുകയും ചെയ്‌തിരുന്നു. വിഎസിനെ അത്രമാത്രം സ്നേഹിക്കുന്നവരുണ്ട് നീലേശ്വരത്ത്. അതുകൊണ്ട് തന്നെയാണ് ഓരോ പിറന്നാളിനും ആഘോഷം സംഘടിപ്പിക്കുന്നതും മധുരം വിളമ്പുന്നതും.