കാസർകോട്: വടക്കൻ കേരളത്തിൽ വിഷുക്കണിയൊരുക്കുന്നതിൽ ഒഴിച്ചു കൂടാനാകാത്തതാണ് നീലേശ്വരം എരിക്കുളത്തെ മൺപാത്രങ്ങൾ. ആചാരത്തിനൊപ്പം പരമ്പരാഗത തൊഴിൽ മേഖലയുടെ അടയാളപ്പെടുത്തൽ കൂടിയാണ് ഇവരുടെ കുല തൊഴിലായ മണ്‍പാത്ര നിര്‍മ്മാണം.
മഹാശിലാ സംസ്‌കാരത്തോളം പഴക്കമുണ്ട് എരിക്കുളത്തെ മൺപാത്ര നിർമ്മാണത്തിന്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഈ കുലത്തൊഴിലിനെ ആശ്രയിക്കുന്ന നൂറോളം കുടുംബങ്ങൾ ഇന്നും എരിക്കുളത്ത് സജീവമാണ്. മൺപാത്രങ്ങൾ ഉപേക്ഷിക്കപ്പെടുന്ന കാലത്തും കണിയൊരുക്കാൻ കലവും, ചട്ടിയും തേടിയെത്തുന്നവരിലാണ് ഈ കുടുംബങ്ങളുടെ പ്രതീക്ഷ. പരമ്പരാഗത രീതിയിലുള്ള നിർമ്മാണം പിന്തുടരുന്നതിനാൽ എരിക്കുളം മൺപാത്രങ്ങൾക്ക് വിപണി മൂല്യമേറെയാണ്. ഇത്തവണയും വിഷുവിന് മാസങ്ങൾക്ക് മുൻപ് തന്നെ എരിക്കുളത്ത് മൺപാത്ര നിർമ്മാണം ആരംഭിച്ചിരിന്നു.
എരിക്കുളം വയലിൽ നിന്നും കുഴിച്ചെടുക്കുന്ന മണ്ണ് ഉപയോഗിച്ചാണ് പാത്രങ്ങൾ നിർമ്മിക്കുന്നത്. ഇതിനായി വിഷു കഴിഞ്ഞ അടുത്ത ദിവസം സംഘടിപ്പിക്കുന്ന മണ്ണെടുപ്പ് ഉത്സവം എരിക്കുളത്തിന്‍റെ കൂട്ടായ്മയുടെ കൂടി പ്രതീകമാണ്.