കാസര്‍കോട്: തെങ്ങ് ചതിക്കുമോ? ഇല്ലെന്നാണ് ചൊല്ലെങ്കിലും ഇതിനൊരപവാദമാകുകയാണ് കാസര്‍കോട്ടെ ഒരു പുരയിടത്തില്‍ വളരുന്ന തെങ്ങ്. വെള്ളവും വളവും നല്‍കി വളര്‍ത്തിയ തെങ്ങില്‍ വിളവുകള്‍ക്ക് പകരം ഇപ്പോള്‍ തെങ്ങിന്‍ തൈകള്‍ മുളച്ചു വരികയാണ്. വിവരമറിഞ്ഞ ഗവേഷകരും ഈ കാഴ്ച കണ്ട് അത്ഭുതം കൊള്ളുകയാണ്.
Also Read: 'മാതൃകയാണ് ഈ കുരുന്നുകള്‍'; പഠനത്തിന് പണം കണ്ടെത്തുന്നത് സ്വന്തം കടയിലൂടെ
കാസര്‍കോട് മാങ്ങാട് അരമങ്ങാനം ഹദ്ദാദ് നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ തെങ്ങിലാണ് കേട്ടുകേള്‍വിയില്ലാത്ത പുതിയ പ്രതിഭാസം. ഈ തെങ്ങിന്‍റെ മണ്ടയിലേക്ക് നോക്കിയാല്‍ 12 തൈകള്‍ മുളച്ചു വന്നത് കാണാം. കാണുന്നവര്‍ അന്തം വിട്ട് ഇതെന്ത് തേങ്ങയാണെന്ന് ചോദിച്ചാല്‍ തെങ്ങിന് പക്ഷെ മറുപടിയില്ല. ആറ് വര്‍ഷം മുന്‍പ് സ്വന്തം പറമ്പിലെ തേങ്ങ മുളപ്പിച്ചെടുത്ത് മുഹമ്മദ് കുഞ്ഞി തന്നെ നട്ടതാണ് ഈ തെങ്ങ്. നട്ടതില്‍ പലതിലും തേങ്ങാക്കുലകള്‍ കണ്ടുതുടങ്ങിയെങ്കിലും ഇതില്‍ പൂക്കുന്നതല്ലാതെ ഒരു അച്ചിങ്ങ പോലും കണ്ടിട്ടില്ല മുഹമ്മദ് കുഞ്ഞി പറയുന്നു.
Also Read: ജോര്‍ജ് സാക്ഷ്യം... ഇടുക്കിയില്‍ മാലി മുളകും മുളയ്ക്കും
രണ്ട് വര്‍ഷം മുന്‍പാണ് ആദ്യ പൂക്കുല കണ്ടത്. അവയില്‍ നിന്നും ഒരു തൈ മുളച്ചപ്പോള്‍ വലിയ കാര്യമാക്കിയിരുന്നില്ലെങ്കിലും പിന്നീടുള്ള ഓരോ കുലയില്‍ നിന്നും ഇങ്ങനെ തൈകള്‍ മുളച്ചു പൊന്തുകയായിരുന്നു.
മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ മുന്നിലാണ് ഈ കുഞ്ഞന്‍ തെങ്ങുള്ളത്. രണ്ട് വര്‍ഷത്തിനടുത്ത് പ്രായമായ തൈകള്‍ വരെ ഈ തെങ്ങിന്‍ മണ്ടയിലുണ്ട്. സൊമാറ്റിക് സെല്ലുകളിലുണ്ടാകുന്ന ജനിതക വ്യതിയാനമാകാം ഇത്തരം പ്രതിഭാസത്തിന് കാരണമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. എന്തായാലും ഒരു കൗതുകമായി മുഹമ്മദ് കുഞ്ഞിയുടെ പറമ്പില്‍ അപൂര്‍വമായ തെങ്ങ് വളരുകയാണ്.