കാസർകോട്: വന്ദേ ഭാരതിന്‍റെ ആദ്യ യാത്ര കാസർകോട് നിന്നും ആരംഭിച്ചപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരിയായി നൈറ. ഒന്നര മാസം മാത്രമാണ് നൈറയുടെ പ്രായം. നൈറയുടെ ജീവിതത്തിലെ ആദ്യ ട്രെയിൻ യാത്രയായിരുന്നു ഇത്.
തൃശൂർ സ്വദേശിയായ അശ്വിന്‍റെയും സൗമ്യയുടെയും മകളാണ് നൈറ. കാസർകോട് നിന്ന് തൃശൂരിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യുന്നതിനിടയിൽ കളിച്ചും കരഞ്ഞും ഉറങ്ങിയും അവള്‍ സമയം ചെലവിട്ടു. ഉച്ചയ്‌ക്ക് കൃത്യം 2.30ന് വന്ദേ ഭാരത് എക്‌സ്‌പ്രസ് കാസർകോട് നിന്നും യാത്ര തുടങ്ങി. ചരിത്ര അവശേഷിപ്പായ ബേക്കൽ കോട്ടയേയും സായാഹ്ന സൂര്യനെയും സാക്ഷിയാക്കി വന്ദേ ഭാരത് എക്‌സ്‌പ്രസിലെ സുഖകരമായ യാത്ര ആസ്വദിക്കുകയായിരുന്നു ഓരോ യാത്രക്കാരും.
മികച്ച സ്ഥല സൗകര്യം, ആവശ്യത്തിന് അനുസരിച്ച് ചലിപ്പിക്കാവുന്ന ഇരിപ്പിടം, ജിപിഎസ് ബേസ്‌ഡ് ഇൻഫർമേഷൻ സിസ്റ്റം, ബയോ വാക്വം ശുചിമുറികൾ, പുഷ് ടു ടോക് തുടങ്ങി ആഗോള നിലവാരത്തിലുള്ള യാത്രയാണ് വന്ദേ ഭാരത് സമ്മാനിക്കുന്നത്. ടിക്കറ്റിന്‍റെ പണത്തിന് അനുസരിച്ചുള്ള സൗകര്യങ്ങൾ ട്രെയിനില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു.
കാസർകോട് നിന്നും വണ്ടി പുറപ്പെടുമ്പോൾ വിരലിൽ എണ്ണാവുന്ന സീറ്റുകളാണ് ഒഴിഞ്ഞ് കിടന്നത്. എന്നാല്‍ കണ്ണൂർ എത്തിയപ്പോഴേക്കും അതിലെല്ലാം യാത്രക്കാരെത്തി. വന്ദേ ഭാരതില്‍ ആദ്യ യാത്ര നടത്തുന്നതിന്‍റെ സന്തോഷം ഓരോ യാത്രക്കാരുടെ മുഖത്തും പ്രകടമായിരുന്നു. ട്രെയിനകത്ത് നിന്ന് ഫോട്ടോ പകര്‍ത്തിയും പുറത്തെ കാഴ്‌ചകള്‍ കണ്ടും യാത്രക്കാര്‍ വന്ദേ ഭാരതിന്‍റെ ആദ്യ യാത്ര ആഘോഷമാക്കി.